നടവയലില്‍ കുടിവെള്ളക്ഷാമം രൂക്ഷം
നടവയല്‍: കഠിനമായ വരള്‍ച്ചയെത്തുടര്‍ന്ന് നടവയല്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ കുടിവെള്ള സ്രോതസുകള്‍ മിക്കതും വറ്റിവരണ്ടതോടെ പ്രദേശവാസികള്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനത്തിലാണ് കുടിവെള്ളമെത്തിക്കുന്നത്.
ചിറ്റാലൂര്‍ക്കുന്ന് അമ്പലമൂല കുടിവെള്ള പദ്ധതിയിലെ കിണര്‍ വറ്റിയതോടെ 40 ഓളം ഗുണഭോക്താക്കള്‍ ദുരിതത്തിലായി. കിണറിന് ആഴം വര്‍ധിപ്പിച്ചാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നിരിക്കെ ഇതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ 15 വര്‍ഷമായി നല്ലരീതിയില്‍ പ്രവൃത്തിച്ചുവന്ന കുടിവെള്ള പദ്ധതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പമ്പിങ് നടക്കുന്നുള്ളു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിലും വിവിധ ഓഫിസുകളിലും നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ കിണറ്റിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തെങ്കിലും വെള്ളം ലഭിച്ചില്ല. കിണറിന്റെ ആഴം വര്‍ധിപ്പിക്കാതെ വെള്ളം ലഭിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."