നോമ്പ് പഠിപ്പിക്കുന്നത് മാനവിക ചിന്തകള്‍
നോമ്പ് അനുഷ്ടിക്കുന്നവര്‍ക്ക് പകര്‍ന്നുകിട്ടുന്ന ഗുണങ്ങള്‍ അനവധിയാണ്. വിശപ്പിന്റേയും ദാഹത്തിന്റേയും വില അറിയുക, ചിന്തകളുടേയും നിലപാടുകളുടേയും പ്രവൃത്തികളുടേയും നിയന്ത്രണം, സൂക്ഷ്മത എന്നിവക്കുപുറമേ മാനവീക ചിന്തകളും നോമ്പ് പകര്‍ന്നു തരുന്നുണ്ട്. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ഒരു നോമ്പ് പോലും നഷ്ടമാകാതെ എടുക്കുന്നയാളാണ് ഞാന്‍. ജോലി ചെയ്യുന്ന പ്രമുഖ ബേക്കറി ഗ്രൂപ്പായ ഒളിമ്പിക്കിലെ മാനേജ്‌മെന്റ് പ്രിതിനിധികളില്‍ നിന്നാണ് നോമ്പെടുക്കാനുള്ള പ്രചോദനമുണ്ടായത്. എന്തിനാണ് നോമ്പ് എടുക്കുന്നതെന്നും എങ്ങനെ നോമ്പെടുക്കണമെന്നുമൊക്കെ പഠിച്ചത് അവരില്‍ നിന്നാണ്.
ആദ്യ ദിവസം നോമ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ക്ഷോഭം, വിശപ്പ്, ദാഹം എന്നിവയേയും കാടുകയറുന്ന ചിന്തകളേയും കടിഞ്ഞാണിടാന്‍ നോമ്പിന് കഴിയുന്നത് അന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പിന്നീട് ഇന്നുവരെ നോമ്പ് ജീവിത ചര്യയുടെ ഭാഗമാണ്. നോമ്പിനു പ്രചോദനമായ മറ്റൊരു കാര്യം കൂടിയുണ്ട്. കറകളഞ്ഞ ഒരു ഹിന്ദുമത വിശ്വാസിയായ എന്റെ ഇഷ്ടദൈവം അയ്യപ്പ സ്വാമിയാണ്. അയ്യപ്പസ്വാമിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് വാവര് സ്വാമി. രണ്ട് മതവിശ്വാസങ്ങളെ സൗഹൃദത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്ന അവരുടെ സ്‌നേഹവും എനിക്ക് പുണ്യറമളാനിലെ നോമ്പെടുക്കാന്‍ കരുത്തേകുന്നുണ്ട്.
മാത്രമല്ല നോമ്പുകാരനായ സുഭാഷിന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവ് നോമ്പില്ലാത്ത സുഭാഷിനേക്കാള്‍ കൂടുതലാണെന്നതും പ്രത്യേകം കുറിക്കട്ടെ. പിതാവ്, മാതാവ്, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെല്ലാം തികഞ്ഞ ഹൈന്ദവ വിശ്വാസികളാണ്. എന്നിട്ടും നോമ്പുകാരനായ എനിക്ക് അവര്‍ തരുന്ന പരിഗണന വല്ലാത്തൊരു അനുഭവം തന്നെയാണ്. എന്റെ മുന്നില്‍വെച്ച് ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ അവര്‍ എനിക്ക് മാനസിക പിന്തുണ നല്‍കുന്നു. ഒളിമ്പിക് ബേക്കറിയില്‍ നിന്നും നോമ്പ് തുറക്കാനുള്ള ഭക്ഷണം കിട്ടുമെങ്കിലും ആദ്യം ഇക്കാര്യത്തിന് പരിഗണിക്കുന്നത് കള്ളിക്കാട് പള്ളിയിലെ ജീരകക്കഞ്ഞിയാണ്. ഞാന്‍ തന്നെയാണ് പള്ളിയിലെത്തി കഞ്ഞിവാങ്ങിക്കൊണ്ടുവരാറുള്ളത്. ആ കഞ്ഞിയാണ് ഇസ്‌ലാംമത വിശ്വാസികളായ സഹപ്രവര്‍ത്തകരും ഞാനും നോമ്പു തുറക്കാന്‍ ഉപയോഗിക്കുന്നത്. അവധി ദിനങ്ങളില്‍ കൊടുന്തിരപ്പള്ളിയിലെ പള്ളിയില്‍ പോയാണ് നോമ്പ് തുറക്കുക. കൊടുന്തിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം നന്ദപാലനും നോമ്പുകാരനായി കൂടെയുണ്ടാകും. ഞങ്ങള്‍ രണ്ടുപേര്‍ക്കും പള്ളിയില്‍ നിന്നും വിശ്വാസികളില്‍ നിന്നും ലഭിക്കുന്ന സ്വീകരണവും സ്‌നേഹവും കാണുമ്പോഴെല്ലാം അയ്യപ്പനും വാവരും തമ്മിലുള്ള സ്‌നേഹമാണ് മനസ്സില്‍ ഓടിയെത്താറുള്ളത്. അത് തന്നെയാണ് നോമ്പ് നമുക്ക് തരുന്ന സന്ദേശവും. പരസ്പരം അറിയാനും, നമ്മളില്‍ ചില നിയന്ത്രണങ്ങളുണ്ടാക്കാനുമൊക്കെ. അതാകട്ടെ ദൈവത്തിന്റെ പ്രീതി കാംക്ഷിച്ചും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."