റോഡ് നിര്‍മാണം പുരോഗമിക്കുന്നു; വൈക്കിലിശ്ശേരി പാലം അപകടാവസ്ഥയില്‍ തന്നെ
എടച്ചേരി: കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന മോന്താല്‍ കടവ്-ചോറോട് റോഡിന്റെ പണി പുരോഗമിക്കുമ്പോഴും ഈ റൂട്ടിലെ വൈക്കിലിശ്ശേരിപ്പാലം അപകടനിലയില്‍ തുടരുകയാണ്. ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കാലപ്പഴക്കം കാരണം ജീര്‍ണിച്ച ഈ പാലം സ്ഥിതി ചെയ്യുന്നത്.
അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഈ പാലം പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ആലോചനകളൊന്നും തന്നെ നടന്നിട്ടില്ല. കളിയാം വെളളി തോടിന് കുറുകെയുള്ള ഈ പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തായ നിലയിലാണ്. നടുവിലുള്ള ഒരു തൂണ്‍ ഇളകിയ നിലയിലുമാണ്.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ നിസംഗത തുടരുകയാണ്. ഓര്‍ക്കാട്ടേരിയില്‍ നിന്നു ഹൈവേ ഒഴിവാക്കി എളുപ്പത്തില്‍ വടകര എത്താമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും പോകുന്നത്.
പാലത്തിന്റെ മേല്‍ഭാഗത്ത് പ്രത്യക്ഷത്തില്‍ തകര്‍ച്ച കാണാന്‍ കഴിയില്ലെങ്കിലും ഇരുഭാഗത്തും ജോയിന്റില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. പാലത്തിന് ഇരുവശങ്ങളിലുമുള്ള കോണ്‍ക്രീറ്റ് വേലിയും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ഷകരാണ് പാലത്തിന്റെ അപകടാവസ്ഥ ആദ്യം വെളിച്ചത്തു കൊണ്ടുവന്നത്. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഈ പാലം പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചനകളൊന്നും ഉണ്ടായിട്ടില്ല. ഏറാമല-ചോറോട് എന്നീ പഞ്ചായത്തുകളെ കൂട്ടിയോജിപ്പിക്കുന്നത റോഡാണിത്. ഇല്ലത്ത് താഴ പാലം എന്നറിയപ്പെടുന്ന പാലത്തിന് ഏകദേശം 60 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പാലം അതേപടി നിലനിര്‍ത്തിയാണ് ഇരു ഭാഗങ്ങളിലും റോഡ് പണി പുരോഗമിക്കുന്നത്. മോന്താല്‍ കടവ് മുതല്‍ ഓര്‍ക്കാട്ടേരി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പണി പൂര്‍ത്തിയായി. ഓര്‍ക്കാട്ടേരി മുതല്‍ ചോറോട് വരെയുള്ള ഭാഗങ്ങളിലാണ് ഇപ്പോള്‍ ജോലി നടക്കുന്നത്. റോഡ് പണിക്കുള്ള സാധനങ്ങള്‍ അടങ്ങുന്ന വലിയ ഭാരം കയറ്റിയ വാഹനങ്ങള്‍ ദിവസം പല പ്രാവശ്യങ്ങളിലായി ഈ പാലത്തിലൂടെയാണ് പോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോകുമ്പോള്‍ പാലത്തിന് കുലുക്കം സംഭവിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
അപകടം പതിയിരിക്കുന്ന ഈ പാലം എത്രയും പെട്ടെന്ന് പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നിന്നു ഏറെ ദൂരമില്ലാത്ത ഈ പാലത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഭരണസമിതി മുന്‍കൈയെടുക്കണമെന്നും നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ് വയ്ക്കാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."