കൊണ്ടയൂര്‍ എല്‍.പി സ്കൂള്‍ കെട്ടിടം ജീര്ണാവസ്ഥയില്
ദേശമംഗലം: ഗവണ്മെന്റ് സ്കൂളുകളുടെ ഉന്നമനത്തിനും, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച കര്‍മ്മ പദ്ധതിയെ കുറിച്ച് അധികൃതര്‍ വാതോരാതെ പ്രസംഗിക്കുമ്പോഴും ദേശമംഗലം കൊണ്ടയൂരില്‍ ഗവണ്മെന്റ് എല്‍.പി സ്കൂളിലെ അറുപതോളം കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നരക യാതനയില്‍.
സ്കൂള്‍ ഓഡിറ്റോറിയത്തിലെ താല്‍ക്കാലിക ഷെഡില്‍ വിദ്യ അഭ്യസിക്കേണ്ട ഗതികേടിലാണ് കുട്ടികള്‍. അത്യന്താധുനിക സൗകര്യങ്ങളോടെ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 68 വര്‍ഷം പഴക്കമുള്ള കൊണ്ടയൂര്‍ സ്കൂള്‍ ഇപ്പോഴും ബാലാരിഷ്ഠതകള്‍ പരിഹരിക്കപ്പെടാതെ കുട്ടികളുടെ ദുരിത കേന്ദ്രമാകുന്നത്.
സ്കൂള്‍ കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യമല്ലെന്നും കണ്ടെത്തിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റൊരു ആശ്രയവുമില്ലാത്തവര് മാത്രമാണ് ഇപ്പോഴും സ്കൂളില്‍ പ്രവേശനം തേടി എത്തുന്നത്. ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ 10 കുട്ടികള്‍ പ്രവേശനം തേടി.
സ്കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കാനായാല്‍ ധാരാളം കുട്ടികള്‍ ഇവിടെ പ്രവേശനം നേടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നിലവില്‍ ചേലക്കര എം.എല്‍.എ യു.ആര് പ്രദീപിന്റെ വാര്‍ഡിലാണ് സ്കൂള്‍ നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ സ്കൂള്‍ സംരക്ഷണത്തിന് എം.എല്‍.എയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."