HOME
DETAILS

കോറോണ എയ്തു വീഴ്ത്തിയ കലാവിപണി

  
backup
February 16 2020 | 01:02 AM

corona-and-art-2020

 

ഈ വര്‍ഷം മാര്‍ച്ച് പത്തൊന്‍പത് മുതല്‍ ഇരുപത്തിയൊന്നുവരെ ചൈനയിലെ ഹോങ്കോങില്‍ നടക്കാനിരുന്ന ആര്‍ട്ട് ബേസല്‍ കലാമേള, ചൈനയെ കോറോണ വൈറസ് ആക്രമിച്ചത് കാരണം മാറ്റിവയ്ക്കാനാണ് സാധ്യതയെന്ന ഒരു ഊഹാപോഹം ഇപ്പോള്‍ ആര്‍ട്ട് ബേസല്‍ ഔപചാരികമായി ശരിവച്ചിരിക്കുന്നു. ഓരോ തവണയും കോടിക്കണക്കിന് ഡോളറിന്റെ കലാവില്‍പ്പന നടക്കുന്ന ആര്‍ട്ട് ബേസല്‍ മേളയെ ഉറ്റു നോക്കുന്ന കലാവിപണിയില്‍ ഈ വാര്‍ത്ത വലിയ മ്ലാനതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കലാമേള മാറ്റിവയ്ക്കാന്‍ രണ്ട് പ്രധാന കാരണങ്ങളാണ് ആര്‍ട്ട് ബേസല്‍ വിദഗ്ധര്‍ ഉന്നയിക്കുന്നത്.
ആദ്യത്തേത് ഇക്കഴിഞ്ഞ വേനല്‍ക്കാലാരംഭം മുതല്‍ സര്‍ക്കാരിനെതിരെ ഒരു കൂട്ടര്‍ നടത്തുന്ന പ്രതിരോധ സമരങ്ങള്‍ അവസാനിക്കാതെ തുടരുന്നതാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഹോങ്കോങ് സര്‍ക്കാര്‍ കുറ്റവാളികളേയും ഒളിച്ചോടി വന്നവരേയും തിരിച്ചേല്‍പ്പിക്കുന്നതിനായി കൊണ്ടുവന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയതെങ്കിലും പിന്നീട് ആവശ്യങ്ങള്‍ പലതായി.


ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് പിന്നീട് ചൈനയുടെ ഭാഗമായെങ്കിലും സ്വന്തം നാണയവ്യവസ്ഥയും ഭരണകൂടവും നിയമങ്ങളും അവിടെ നിലനില്‍ക്കുന്നുണ്ട്. പൊലിസും ഭരണകൂടവും നടത്തുന്ന മൃഗീയ നരനായാട്ടിന് വിധേയരായ സമരക്കാര്‍ സമരം കൂടുതല്‍ ശക്തമാക്കി മുന്നേറുകയാണ്. അത്തരമൊരന്തരീക്ഷത്തില്‍ കലാമേള നടത്തുന്നത് ഉചിതമാവില്ലെന്ന് സംഘാടകര്‍ കരുതുന്നതിനിടയിലാണ് ലോകത്തെ ആകമാനം ഞെട്ടിച്ചുകൊണ്ട് കൊറോണയുടെ അരങ്ങേറ്റം നടക്കുന്നത്. ആര്‍ട്ട് ബേസലിന്റെ സാങ്കേതിക വിദഗധരും ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും സ്ഥതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയതിന് ശേഷം സാഹചര്യം അനുകൂലമല്ലെന്ന് മനസിലാക്കിയാണ് കലാമാമാങ്കം മാറ്റിവയ്ക്കുന്ന പ്രഖ്യാപനം നടത്തിയത്.


വൈറസ് ബാധ സ്ഥരീകരിച്ചതിന്റെ ഫലമായി കഴിഞ്ഞയാഴ്ച മുതല്‍ ചൈനയിലെ കലാകേന്ദ്രങ്ങളും കലാമ്യൂസിയങ്ങളും വിനോദകേന്ദ്രങ്ങളും പൊതുവിടങ്ങളും അനിശ്ചിതകാലത്തേയ്ക്ക് അടച്ചുകഴിഞ്ഞു. ദേശവ്യാപകമായി നിലനില്‍ക്കുന്ന ദുരന്തഭീഷണിയില്‍ ധാരാളം സ്വകാര്യ മ്യൂസിയങ്ങള്‍ അടച്ചിട്ടിരിക്കുന്നു. ചാന്ദ്ര പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി 24, 25 തിയ്യതികളില്‍ കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചത്. മഹാമാരിയായ കൊറോണ വൈറസിന്റെ മാരകശക്തിയെപ്പറ്റി ചൈന വലിയ ആശങ്കയിലാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ബീജിങ് പാലസ് മ്യൂസിയവും, നാഷണല്‍ മ്യൂസിയവും ജനുവരി 25 മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. അന്ന് തന്നെ നാഷണല്‍ ആര്‍ട്ട് മ്യൂസിയവും ഗുവാങ്ഡങ് ആര്‍ട്ട് മ്യൂസിയവും വുഹാനിലെ യൂണിയന്‍ ആര്‍ട്ട് മ്യൂസിയമടക്കം അനവധി പ്രാദേശിക കാലാകേന്ദ്രങ്ങളും അടച്ചിട്ടു. മഹാമാരി ശമിക്കുന്നത് വരെ എല്ലാ ആഘേഷങ്ങള്‍ക്കും ദേശീയ അവധിയും ചൈനയുടെ ടി.വി സംപ്രേക്ഷണ ശൃംഘലയായ വി ചാറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.


രോഗം ഏറ്റവുമേറെ മനുഷ്യരെ കീഴ്‌പ്പെടുത്തിയ യാങ്‌സെ നദിയുടെ മേല്‍ക്കരയിലുളള വുഹാനില്‍ പതിനൊന്ന് ദശലക്ഷം അന്തേവാസികളുണ്ടെന്നാണ് കണക്ക്. നിരവധി കലാകേന്ദ്രങ്ങളും പ്രദര്‍ശനങ്ങളുമുളള വുഹാന്‍ ധാരാളം ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും നാടു കൂടിയാണ്. പ്രദേശത്തെ ഗാലറികളെല്ലാം തല്‍ക്കാലത്തേയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. വുഹാനിലെ കെ മിങ് എന്ന ചിത്രകാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഈ സമയത്ത് കലയെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ല. കാരണം മനുഷ്യജീവനുമുന്നില്‍ കല ഒന്നുമല്ല. ഒരു കലാകാരനായി ജീവിക്കാന്‍ തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. ഈ മഹാമാരി വിതയ്ക്കുന്ന ദുരന്തം നാളെ എന്റെ കലയിലും കടന്നു വരും.' ഫെബ്രുവരി ഒന്നുവരെ സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്ന പുതുവര്‍ഷ അവധി ഫെബ്രുവരി ഒന്‍പത് വരേയ്ക്ക് നീട്ടിയിട്ടുണ്ട്. വുഹാനിലും അടുത്തുകിടക്കുന്ന പ്രിവിശ്യകളിലും വിദ്യാലയങ്ങള്‍ക്കും പതിനേഴുവരെ അവധി നല്‍കിയിട്ടുണ്ട്. ഈ അവധികളെല്ലാം രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിനനുസരിച്ച് കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.


ചൈനയിലെ പ്രസിദ്ധമായ ചാന്ദ്ര പുതുവര്‍ഷാഘേഷങ്ങളില്‍ പങ്കെടുക്കാന്‍ പല ദിക്കുകളില്‍ നിന്നും സന്ദര്‍ശകരെത്തേണ്ട സമയമാണിപ്പോള്‍. അതെല്ലാം നിരോധിച്ചത് ചൈനയുടെ സമ്പദ് മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. 'വുഹാനിലെ നിയന്ത്രണങ്ങള്‍ വലിയ ബുദ്ധിമുട്ടുകളാണ് ഞങ്ങള്‍ക്കെല്ലാം സമ്മാനിച്ചിരിക്കുന്നത്. ഞാന്‍ വുഹാന്‍ നിവാസികളുടെ മാനസികാവസ്ഥകളെ മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് വുഹാന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യഥാര്‍ഥത്തില്‍ ഈ പ്രതിഭാസം ഡിസംബര്‍ എട്ടാം തിയതിയാണ് ആദ്യമായി പ്രത്യക്ഷമാകുന്നതെങ്കിലും ആരും അത് അത്ര ഗൗരവമായി കണ്ടില്ല. അതിനിടയില്‍ ഈ വൈറസ് വുഹാനെ വിഴുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ലോകത്തിന് മുഴുവന്‍ ഭീഷണിയായിരിക്കുന്നു. ദുഃഖത്തോടെയാണെങ്കിലും പറയേണ്ടിവരികയാണ്, ഇപ്പോള്‍ വുഹാന്‍ ദേശാന്തര തലത്തില്‍ അറിയപ്പെടുന്ന ഒരു നഗരമായിരിക്കുന്നു'.- ചിത്രകാരന്‍ കെ. മിങ് തുടര്‍ന്ന് പറഞ്ഞു.


ഹോങ്കോങിലെ ആര്‍ട്ട് ബേസല്‍ കലാമേള മാറ്റി വയ്ക്കുന്നതിലൂടെ കോടിക്കണക്കിന് മില്യണ്‍ ഡോളറിന്റെ കലാവില്‍പ്പനയെ അത് ബാധിക്കും. കലാമാമാങ്കത്തില്‍ പങ്കെടുക്കാന്‍ ലോകത്തെ ഉന്നതരായ കലാകാരന്മാരുടെ രചനകളുമായി ഒട്ടനവധി ഗാലറികള്‍ സജ്ജമായിരുന്നതാണ്. അവര്‍ക്കെല്ലാം വലിയ സാമ്പത്തിക ബാധ്യത വന്നുചേരും. അതോടൊപ്പം നിരവധി ചിത്രകാരന്മാരേയും ഇത് ബാധിക്കും. ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കലാവിപണികൂടിയാണ് ആര്‍ട്ട് ബേസല്‍ കലാമേള. തുടര്‍ന്നുള്ള നാളുകളില്‍ ഏഷ്യയിലെ കലാവിപണിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് കലാവിപണനമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
മേളയില്‍ പങ്കെടുക്കേണ്ടിയിരുന്ന 24 ഗാലറികള്‍ തങ്ങള്‍ക്ക് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് സംഘാടകര്‍ക്ക് കത്ത് നല്‍കിയ സ്ഥിതിക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണങ്ങള്‍ക്ക് അയവുണ്ടായാലും മേള നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ലണ്ടനിലും ന്യൂയോര്‍ക്കിലും വലിയ വില്‍പ്പന നടന്ന ഫ്രീസ് കലാമേള ലോസ് ആഞ്ചല്‍സില്‍ ഫെബ്രുവരി 14 മുതല്‍ 19 വരെ നടക്കുകയാണ്. വലിയ പ്രതീക്ഷയിലാണ് മേളയുടെ സംഘാടകര്‍. തങ്ങളുടെ കഴിഞ്ഞകാല വിജയങ്ങള്‍ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് അവര്‍ കരുതുന്നത്.
എഴുപത്തിയഞ്ച് ഗാലറികളാണ് അതില്‍ തങ്ങളുടെ കലാശേഖരവുമായി എത്തുന്നത്. ഈ കാലഘട്ടത്തില്‍ അവര്‍ മറ്റു ഗാലറികളില്‍ തങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം സംഘാടകരില്‍ നിന്നുണ്ടായിട്ടും അത് പാലിക്കാന്‍ ഗാലറികള്‍ തയ്യാറായത് വില്‍പ്പനയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ്.


ആര്‍ട്ട് ബേസല്‍ പ്രദര്‍ശനം മാറ്റിവച്ചതറിഞ്ഞ് ഹോങ്കോങിലെ പ്രാദേശിക ഗാലറികള്‍ വളരെ നിരാശയിലാണ്. ആര്‍ട്ട് ബേസലിന്റെ പ്രദര്‍ശനം കാണാനും ചിത്രങ്ങള്‍ വാങ്ങാനും വരുന്ന കലാഭിജ്ഞര്‍ തീര്‍ച്ചയായും പ്രാദേശിക കലാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി രചനകള്‍ വിറ്റു പോവുകയും ചെയ്യാറുളളതാണ്. അത് പ്രതീക്ഷിച്ച് കലാകാരന്മാരുമായി കരാറുണ്ടാക്കിയവരാണ് പല ഗാലറികളും. അത്തരത്തിലും വലിയ സാമ്പത്തിക നഷ്ടം അവര്‍ക്ക് വന്നുചേരും. ഹോങ്കോങിലെ പഴയകാലം മുതല്‍ പ്രശസ്തമായ ഗാലറീ ഡ്യു മൊണ്ടേയുടെ സ്ഥാപകന്‍ ഫ്രെഡ് ഷൊളെ പറയുന്നത് 'ആര്‍ട്ട് ബേസല്‍ പ്രദര്‍ശനങ്ങളുടെ വരവോടെ ഏഷ്യയിലെ കലാവിപണിയില്‍ ഹോങ്കോങ് ഏറ്റവും നിര്‍ണായകമായ ഇടമായിരിക്കുകയാണ്.' ചൈനയിലെ കേന്ദ്രപ്രദേശങ്ങളില്‍ നിന്ന് ഹോങ്കോങിലേയ്ക്കുള്ള സന്ദര്‍ശക സഞ്ചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാതലത്തില്‍ ഹോങ്കോങ് ആര്‍ട്ട് ഗാലറി അസോസിയേഷന്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി പതിനൊന്നിന് ഒരു സംയുക്ത യോഗം തന്നെ വിളിച്ചിരിക്കുകയാണ്.


വൈറസ് ബാധയെ തുടര്‍ന്നുളള ചൈനയിലെ ഇന്നത്തെ സ്ഥിതിഗതികള്‍ ഉടനെ മാറുമെന്ന് തന്നെയാണ് ചെറുകിട ഗാലറികളും പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ കലാവിപണിയുടെ തകര്‍ച്ചയില്‍ ചൈന മാത്രമല്ല, ഏഷ്യാഭൂഖണ്ഡം മുഴുവന്‍ അതിന്റെ ഇരകളാവും. ആ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തുവരാന്‍ ഒന്നിലധികം വര്‍ഷമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഷ്യാ ഭൂഖണ്ഡത്തിലെ സാമ്പത്തികാവസ്ഥയുടെ കാര്യത്തില്‍ താരതമ്യേന മുന്‍ നിരയിലായിരുന്ന ഇന്ത്യ ഇന്ന് വളരെ പിറകിലാണ്. കലാവിപണിയിലും ഇന്ത്യ കഴിഞ്ഞ ഒരു ദശകമായി വലിയതോതില്‍ പിന്നോട്ടടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കലാവിപണിയില്‍ ഒരു ദശകം മുന്‍പുണ്ടായിരുന്ന ഉണര്‍വും ഉത്തേജനവും ഇന്ന് പാടേ നിലംപൊത്തിക്കഴിഞ്ഞു. നോട്ടു നിരോധനത്തെത്തുടര്‍ന്ന് ഗ്രാമീണ മേഖലയിലടക്കം വന്നുപെട്ട സാമ്പത്തിക മുരടിപ്പ് യാതൊരു മാറ്റവുമില്ലാതെ തുടരുകയാണെന്ന് മാത്രമല്ല ദിനംപ്രതി അതിന്റെ സൂചിക കീഴോട്ട് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ അവസ്ഥയില്‍ കൊറോണ ഏഷ്യാമേഖലയിലെ സമ്പദ്‌വ്യവസ്ഥയെ എത്രമേല്‍ തകര്‍ത്തു കളയുമെന്നത് പ്രവചനാതീതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  20 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  39 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago