ലഹരിയില്‍നിന്ന് ജീവിതത്തിന്റെ ലഹരിയിലേക്ക്
എവിടെ തുടങ്ങും?
ഞാന്‍ രാഹുല്‍. ജീവിതത്തില്‍ നൂറുകണക്കിനു സ്വപ്നങ്ങളുള്ള ഒരു സാധാരണ ഇന്ത്യക്കാരന്‍. ലോകം കീഴടക്കണമെന്നാണു സ്വപ്നം; ഒരിഞ്ചൊഴിവില്ലാതെ മുഴുവനും കീഴൊതുക്കണമെന്ന്. പക്ഷേ എങ്ങനെ സാധിക്കും? അലസനായ ഞാനെങ്ങനെ ആ അതിമോഹം കൈപ്പിടിയിലൊതുക്കും?
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു യുവാവായിരിക്കുന്നതിന്റെ ശാപം മുഴുവന്‍ രാഹുലിന്റെ കണ്ണുകളിലൂടെ വായിച്ചെടുക്കുക. ഭാരതാംബയുടെ തെരുവീഥികളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവിപത്ത് തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലും അതു തിരിച്ചറിയപ്പെടാന്‍ പോകുന്നില്ല.
മലയാളി ബിരുദ വിദ്യാര്‍ഥിയായ അര്‍ജുന്‍ വൈശാഖ് ഠവല ജൃീുവലശേര ഈൃലെ എന്ന തന്റെ ഇംഗ്ലീഷ് നോവലിലേക്ക് വായനക്കാരെ ക്ഷണിച്ചുവരുത്തുന്നത് ഇങ്ങനെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വന്തം ജീവിതത്തിന്റെ ഇരുണ്ടതാളുകളിലേക്കു കൂടിയാണ് അര്‍ജുനിന്റെ ആ ക്ഷണം. ലഹരിയില്‍ മയങ്ങിയ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാണ് നോവലിലെ രാഹുലും ജീവിതത്തിലെ അര്‍ജുനും. പിന്നീടൊരു വഴിത്തിരിവില്‍ ചെന്നുപെട്ട് പുതിയ വെളിച്ചത്തിലേക്ക് ആനയിക്കപ്പെട്ട, വിസ്മയകരവും വിജയകരവുമായ ജീവിതത്തിന്റെ തുറസിലേക്കു തിരിച്ചെത്തിയ അപൂര്‍വം ചില ഭാഗ്യവാന്മാരുടെ പ്രതീകം. ഇംഗ്ലീഷില്‍ പുസ്തകമെഴുതിയ ഒരു 23കാരന്‍ കോഴിക്കോട്ടുകാരനെന്നതിനപ്പുറം ആശ്ചര്യകരവും പ്രചോദനാത്മകവുമായ ഒരു ജീവിതം പറയാനുണ്ടെന്നതു കൊണ്ടുതന്നെയാണ് അര്‍ജുന്‍ വൈശാഖിനെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. 263 പേജില്‍ 32 ഭാഗങ്ങളായുള്ള അര്‍ജുനിന്റെ നോവല്‍ അമേരിക്കയിലെ ഫ്രോഗ് ബുക്‌സിന്റെ അനുബന്ധ സ്ഥാപനമായ മുംബൈയിലെ ലീഡ് സ്റ്റാര്‍ട് പബ്ലിഷേഴ്‌സാണ് അനുവാചകരിലെത്തിച്ചത്.
ഒന്നുമുതല്‍ നാലുവരെ കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളിലായിരുന്നു പഠനം. ശേഷം അമ്മ അധ്യാപികയായ മറ്റൊരു സ്‌കൂളിലേക്കു മാറി. ഏകദേശം പത്താം ക്ലാസുവരെ അമ്മയുടെ നോട്ടത്തില്‍ തന്നെയായിരുന്നു പഠനവും വിനോദവുമെല്ലാം. പത്താം ക്ലാസിനുശേഷം എന്‍ജിനീയറിങ് മോഹവുമായി തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. അവിടെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍-എന്‍ട്രന്‍സ് കോച്ചിങ് പഠനങ്ങള്‍ ഒരുമിച്ചു കൊണ്ടുപോയി. എന്നാല്‍, രാവിലെ മുതല്‍ നേരം പുലരുന്നതുവരെ പഠനം മാത്രം എന്ന അവസ്ഥയില്‍ തീരെ മുന്നോട്ടുപോകാനായില്ല. തുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് വണ്‍ പൂര്‍ത്തീകരിക്കാനായി ചേര്‍ന്നു. അവിടെനിന്നും മനംമടുത്ത് ഒരു വര്‍ഷത്തോളം വെറുതെ വീട്ടിലിരുന്നു.
ലഹരി നുരഞ്ഞ
ഹോസ്റ്റല്‍ ജീവിതം
ഒരു വര്‍ഷം പാഴായതിന്റെ വിഷമത്തോടെ പ്ലസ്ടു പൂര്‍ത്തീകരിക്കാനായി അടുത്തവര്‍ഷം തന്നെ വടകരയിലെ പ്രമുഖ സ്‌കൂളില്‍ അഡ്മിഷനെടുത്തു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. വീടുവിട്ടിറങ്ങിയതിന്റെ ആശ്വാസമായിരുന്നു ആദ്യത്തെ ദിവസങ്ങളില്‍. ഹോസ്റ്റലിലെ ഡോര്‍മിറ്ററിയില്‍ നിരനിരയായി കിടന്ന കട്ടിലുകളും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നെത്തിയ കുട്ടികളെയും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവരായി കൂട്ട്.
അങ്ങനെയിരിക്കെയാണ് അടുത്ത ബെഡ്ഡില്‍ കിടക്കുന്നവരും ഹോസ്റ്റലിലെ പത്തു വയസ് മുതലുള്ള കുട്ടികളും പുകവലിച്ചു നടക്കുന്നതു ശ്രദ്ധയില്‍പെട്ടത്. കൗതുകത്തിന് ആദ്യമൊന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് പുക അകത്തേക്കെടുത്തു നോക്കി. പിന്നെ ഓരോ ദിവസവും തുടര്‍ച്ചയായി ഇതുതന്നെ ചെയ്യാന്‍ തുടങ്ങിയതോടെ പിന്നീടതില്ലാതെ മുന്നോട്ടുപോവില്ലെന്നായി. അങ്ങനെയാണ് ഹോസ്റ്റലില്‍ മറ്റൊരു സുഹൃത്ത് കഞ്ചാവുമായെത്തിയത്. അവന്‍ പുകയ്ക്കുന്നത് ആകാംക്ഷയോടെ നോക്കിനിന്നു. നേരിട്ട് അവനോടു ചോദിക്കാതെ നാട്ടിലെത്തി സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറഞ്ഞു. പറഞ്ഞതു പോലെ ആദ്യ പരീക്ഷണത്തിനായി സുഹൃത്തുക്കള്‍ തന്നെ കഞ്ചാവ് കൈയിലെത്തിച്ചു. അതൊന്ന് പരീക്ഷിച്ചുനോക്കി. അങ്ങനെ സിഗരറ്റ് മാറി മെല്ലെ കഞ്ചാവ് ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. ആദ്യമൊക്കെ ചെറിയ രീതിയിലാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് തോത് കൂടിവന്നു. പിന്നെ കഞ്ചാവില്ലാതെ ഒരടി മുന്നോട്ടുപോവാന്‍ സാധിക്കാത്ത സ്ഥിതിയായി. പ്ലസ്ടു ബോര്‍ഡ് എക്‌സാമിന്റെ സമയത്തും അവധിക്കാലത്തുമെല്ലാം ഇതു പുകച്ചുനടന്നു സമയം പാഴാക്കി. എന്നിട്ടും നല്ല മാര്‍ക്കോടെ തന്നെ പ്ലസ്ടു കടമ്പ കടന്നു.
ചെന്നൈ നഗരത്തില്‍
മൂന്ന് ദിനം
പ്ലസ്ടു സര്‍ടിഫിക്കറ്റുമായി ഉപരിപഠനത്തിനായി ചെന്നൈയിലേക്കാണു വണ്ടി കയറിയത്. ബി.ബി.എ കോഴ്‌സിനായി ചെന്നൈയിലെ പ്രമുഖ കോളജിലായിരുന്നു അഡ്മിഷനെടുത്തത്. പക്ഷെ കഞ്ചാവുതേടിയുള്ള യാത്ര തന്നെയായിരുന്നു ചെന്നൈയിലേക്കുള്ള പോക്കിന്റെ പ്രധാന ലക്ഷ്യം. ഏകദേശം രണ്ടാഴ്ചയോളം ചെന്നൈയില്‍ താമസിച്ചു. അപ്പോഴെല്ലാം നഗരത്തിന്റെ മുക്കിലും മൂലയിലും കഞ്ചാവുതേടിയുള്ള അലച്ചിലായിരുന്നു. കഞ്ചാവിനൊപ്പം മറ്റു ലഹരിവസ്തുക്കള്‍ കൂടി കുറഞ്ഞ വിലയ്ക്ക് അവിടെനിന്നു ലഭ്യമായതോടെ അതിലേക്കു ചുവടുമാറ്റി.
കൂടെക്കരുതിയിരുന്ന കാശെല്ലാം ഇതിനു വേണ്ടി മാത്രം ചെലവഴിച്ചു. കൈയിലുള്ളതെല്ലാം തീര്‍ന്നപ്പോള്‍ പിന്നെ ചെന്നൈ നഗരത്തിലൂടെ ഭ്രാന്തമായ അലച്ചിലായിരുന്നു. ഏകദേശം മൂന്ന് ദിനരാത്രങ്ങള്‍ ഇങ്ങനെ അലഞ്ഞു. അങ്ങനെയിരിക്കെയാണ് ഒരു ഓട്ടോക്കാരന്റെ അടുത്തെത്തി കോഴിക്കോട്ടേക്കു മടങ്ങാനുള്ള വഴിതേടിയത്. നിസഹായനായ ഓട്ടോക്കാരന്‍ അഡ്രസും ഫോണ്‍ നമ്പറും ചോദിച്ചു. എപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ തന്നെ പറഞ്ഞുകൊടുത്തു. രാത്രി രണ്ടു മണിക്കാണ് ചെന്നൈയില്‍നിന്ന് ഓട്ടോ ഡ്രൈവര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത്: ''ഉങ്ക പയ്യന്‍ എന്‍ ഓട്ടോയിലിരിക്ക്, അവന് കാലിക്കറ്റ് പോവണെന്ന് പേശുന്നു...'' അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ വന്ന് എന്നെ തിരികെ നാട്ടിലെത്തിച്ചു.
നാട്ടിലെത്തിയ ശേഷം നേരെ കൊണ്ടുപോയത് മലങ്കരയിലെ സ്വകാര്യ ഡിഅഡിക്ഷന്‍ സെന്ററിലേക്കായിരുന്നു. അവിടെ 45 ദിവസത്തെ തുടര്‍ച്ചയായ ചികിത്സ. നാല്‍പത്തിയാറാം ദിവസത്തില്‍ പുതുജീവിതത്തിലേക്കായിരുന്നു കാലെടുത്തുവച്ചത്. ശേഷം ഒന്‍പതു മാസത്തോളം മരുന്നുകഴിച്ചു വീട്ടില്‍തന്നെ കഴിച്ചുകൂട്ടി.
മാറിയും മറിഞ്ഞും
പുതുജീവിതം തുറന്നുകിട്ടിയതോടെ ഉപരിപഠനത്തിനായി എറണാകുളത്തേക്കു വണ്ടി കയറി. ഇത്തവണ ബി.എ ഇംഗ്ലീഷ് ബിരുദ കോഴ്‌സിനാണു ചേര്‍ന്നത്. എന്നാല്‍, വീടുവിട്ടിറങ്ങിയതോടെ ലഭിച്ച സ്വാതന്ത്ര്യവും ചുറ്റിലും തടയാന്‍ ആരുമില്ലെന്ന തോന്നലും വീണ്ടും പറ്റി
ച്ചു. എറണാകുളത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ലഹരി ഉപയോഗിക്കുന്നു. ഇതുകണ്ട് ഏറെനാള്‍ പിടിച്ചുനില്‍ക്കാനായില്ല. വീണ്ടും ലഹരിജീവിതത്തിലേക്കു തന്നെ വഴുതിവീണു. അവിടെനിന്നു ലഹരിമരുന്നും കഞ്ചാവും ലഭിക്കാതെ വന്നതോടെ കൂടുതല്‍ അക്രമാസക്തനാകാനും തുടങ്ങി. സ്വന്തം ശരീരത്തെ തന്നെ നിയന്ത്രിക്കാന്‍ കഴിയാതെവന്നു. ഇത്തവണ കോളജ് അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു പറഞ്ഞുവിടുകയാണു ചെയ്തത്.
വീട്ടിലെത്തിയ ശേഷം നേരെ ബംഗളൂരുവിലെ ഡിഅഡിക്ഷന്‍ സെന്ററിലെത്തിച്ചു. വീണ്ടും മരുന്നും ചികിത്സയുമായി മൂന്നുമാസത്തെ വേറിട്ട ജീവിതം. ചികിത്സ തീര്‍ന്നതോടെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മാവന്റെയടുത്തേക്കു വിമാനം കയറി. വീടുകള്‍തോറും പുസ്തക വില്‍പന നടത്തി അവിടെ 45 ദിവസം കഴിച്ചുകൂട്ടി. ലഹരി മരുന്നെല്ലാം ഉപേക്ഷിച്ചെങ്കിലും സിഗരറ്റ് ഉപയോഗം തുടര്‍ന്നിരുന്നു. എന്നാല്‍, അതുകൊണ്ടൊന്നും ശരീരത്തെ പിടിച്ചുനിര്‍ത്താനായില്ല. മനസും ശരീരവും ഒരുപോലെ തേടിയത് ലഹരി മരുന്നുകള്‍ തന്നെയായിരുന്നു.
അങ്ങനെയാണ് ബംഗളൂരുവില്‍ ജോലി തരപ്പെട്ടെന്നു വീട്ടുകാരെയും അമ്മാവനെയും തെറ്റിദ്ധരിപ്പിച്ചു നാട്ടിലേക്കു മടങ്ങിയത്. ബംഗളൂരുവിലെത്തിയതോടെ ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. അങ്ങനെ അവിടെ ഒരു കോള്‍ സെന്ററില്‍ ഒരുവിധം ജോലി തരപ്പെടുത്തി. വീട്ടുകാരോടു പലതരത്തിലുള്ള ആവശ്യങ്ങളും പറഞ്ഞു പണം വാങ്ങി. നഗരത്തില്‍ തന്നെ റൂമെടുത്തു താമസം തുടങ്ങി. ബംഗളൂരുവിലെ ഡിഅഡിക്ഷന്‍ സെന്ററില്‍നിന്നു പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം വീണ്ടും ലഹരിയുടെ മയക്കത്തിലേക്ക്.
ലഹരി മരുന്ന് വാങ്ങാന്‍ സുഹൃത്തിനൊപ്പം കാറില്‍ നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. മരുന്നുമായെത്തിയത് ഒരു നൈജീരിയക്കാരന്‍. തൊട്ടുപിറകെ സിറ്റി പൊലിസുമുണ്ടായിരുന്നു. തലേന്ന് ഉപയോഗിച്ച ബ്രൗണ്‍ഷുഗറിന്റെ ഉന്മാദത്തില്‍ കാര്‍ മുന്നോട്ടെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു. പൊലിസ് വന്നു കാറിന്റെ ഡോര്‍ തുറന്നു. കാറിനകത്ത് കഞ്ചാവും കൊക്കൈനും ബ്രൗണ്‍ഷുഗറുമെല്ലാം ഉണ്ടായിരുന്നു. പൊലിസുകാരന്‍ വണ്ടി മുന്നോട്ടെടുത്തു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ആത്മവിശ്വാസം തിരിച്ചുപിടിച്ചു കൈയിലുള്ള പണം മുഴുവന്‍ അയാളുടെ കൈയില്‍ വച്ചുകൊടുത്തു. ഏകദേശം 15,000 രൂപ. പൊലിസുകാരന്‍ കാര്‍ നിര്‍ത്തി വീട്ടുകാരുടെ അഡ്രസും ഫോണ്‍നമ്പറും ചോദിച്ചു. ലഹരിയുടെ ആലസ്യത്തിലാണെങ്കിലും അന്നും ഓര്‍മയില്‍ തങ്ങിനിന്ന നമ്പര്‍ അച്ഛന്റേതായിരുന്നു. അങ്ങനെ വീട്ടുകാരെത്തി അവിടെനിന്നും നാട്ടിലെത്തിച്ചു.
പിന്നീട് കൊണ്ടുപോയത് തൊടുപുഴയിലെ ഡിഅഡിക്ഷന്‍ സെന്ററിലേക്ക്. ആറടിപ്പൊക്കമുള്ള സെക്യൂരിറ്റി സ്റ്റാഫും ലോക്കറുമെല്ലാമുള്ള അവിടെ ജയിലനുഭവം തന്നെയായിരുന്നു. ഒരു മുറിയില്‍ 20 പേര്‍. 95 ദിവസത്തെ ചികിത്സയ്ക്കുശേഷം വീണ്ടും പുതുജീവിതത്തിന്റെ തെളിച്ചത്തിലേക്ക്. ചികിത്സയുടെ ക്ഷീണവും മറ്റും ശരീരത്തെ പിടികൂടിയിരുന്നു. അങ്ങനെയാണ് ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന യൂനിവേഴ്‌സിറ്റിയിലെത്തിയത്. ഉപരിപഠനവും ശാരീരികവും മാനസികവുമായുള്ള ചിട്ടപ്പെടുത്തലുമായിരുന്നു ലക്ഷ്യം. പക്ഷെ അവിടെയും ചെന്നുപെട്ടത് പഴയ കൂട്ടുകെട്ടിലേക്കു തന്നെ. ഇതു ശ്രദ്ധയില്‍പെട്ട അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു. അങ്ങനെ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു തിരിക്കേണ്ടിവന്നു. പിന്നീട് പയ്യന്നൂരിലെ സ്വകാര്യ ഡിഅഡിക്ഷന്‍ സെന്ററിലെത്തി ചികിത്സ തേടി. അവിടെനിന്നാണ് 100 ശതമാനവും സാധാരണ ജീവിതത്തിലേക്കു തിരികെമടങ്ങിയത്.
നോവലെഴുത്തിന്റെ ആരംഭം
ചെറുപ്പം മുതലേ അച്ഛച്ഛന്റെ ശിക്ഷണത്തില്‍ പുസ്തകങ്ങളോടു നല്ല ചങ്ങാത്തമായിരുന്നു. പുസ്തകങ്ങളോടും എഴുത്തിനോടും എന്നും ഇഷ്ടമായിരുന്നു.
ആദ്യമായി റിഹാബിലിറ്റേഷന്‍ സെന്ററിലെത്തിയപ്പോഴാണു ജീവിതം പകര്‍ത്തിയെഴുതണമെന്ന ആഗ്രഹം അമ്മയോടു പങ്കുവച്ചത്. അമ്മ കാര്യം സൂചിപ്പിച്ചപ്പോള്‍ അച്ഛനും കൂടെനിന്നു. ഒരു പുസ്തകത്തില്‍ കുറേ വാക്കുകള്‍ കുത്തിക്കുറിച്ചുവച്ചു. അവിടെനിന്നു പിന്നീട് വീട്ടിലെത്തിയപ്പോഴും ഓര്‍മയുള്ള കാര്യങ്ങളെല്ലാം എഴുതിവച്ചു. പിന്നീട് ഓരോ തവണയും റിഹാബിലിറ്റേഷന്‍ സെന്ററുകളിലെത്തുമ്പോഴും ജീവിതമെഴുതാനുള്ള ആഗ്രഹം കൂടിക്കൂടിവന്നു. പയ്യന്നൂരിലെ ഡിഅഡിക്ഷന്‍ സെന്ററില്‍നിന്നു പുതുജീവിതത്തിലേക്കു മടങ്ങിയ 2015ലാണ് നോവലെഴുത്ത് ആരംഭിച്ചത്. കുട്ടിക്കാലത്ത് അച്ഛച്ഛന്‍ പറഞ്ഞുതന്ന കഥകളുടെ ഓര്‍മയില്‍ അവയെല്ലാം പേപ്പറിലേക്കു പകര്‍ത്തിയെഴുതി.
രാഹുലിലൂടെ സ്വന്തം അനുഭവങ്ങളാണു വരച്ചുകാണിച്ചതെങ്കിലും ലഹരിവഴികളില്‍ പുകഞ്ഞുതീരുന്ന കൗമാരങ്ങളെല്ലാം ആ കഥാപാത്രത്തില്‍ പലതരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലഹരിയില്‍ മയങ്ങി താളംതെറ്റിയ മനസുമായി ലഹരി വിമുക്തി കേന്ദ്രങ്ങളില്‍ അഭയംതേടിയ സഹപാഠികളുടെ ജീവിതങ്ങളും നോവലില്‍ കോറിയിട്ടു. പെണ്‍സുഹൃത്ത് ലഹരിയുടെ അടിമയാകുകയും ഒടുവില്‍ മയക്കുമരുന്നിനു വേണ്ടി ശരീരം വില്‍ക്കേണ്ടിവരികയും ചെയ്ത സംഭവവും അക്കൂട്ടത്തിലുണ്ട്. ഓരോ ഡിഅഡിക്ഷന്‍ സെന്ററില്‍നിന്നും ലഭിച്ച അനുഭവങ്ങളും നോവലില്‍ പങ്കുവയ്ക്കുന്നുണ്ട്. കൂടെ ഡിഅഡിക്ഷന്‍ സെന്ററുകളെന്ന ബിസിനസ് സാമ്രാജ്യങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നു.
ിിിി
ഇപ്പോള്‍ തൃശൂര്‍ ചേതന കോളജില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ വിദ്യാര്‍ഥിയാണ് നിങ്ങള്‍ പരിചയപ്പെടേണ്ട പുതിയ അര്‍ജുനുള്ളത്. ആകാശവാണി കോഴിക്കോട് നിലയത്തില്‍ വാര്‍ത്താ അവതാരകനായ അനില്‍ ചന്ദ്രന്റെയും വി.എന്‍ ശ്രീകലയുടെയും ഏകമകനാണ് ഈ യുവാവ്. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന കേരള സാഹിത്യോത്സവത്തില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍, റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസിന് ആദ്യ കോപ്പി കൈമാറി അര്‍ജുനിന്റെ നോവല്‍ ഠവല ജൃീുവലശേര ഈൃലെന്റെ പ്രകാശനം നിര്‍വഹിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."