മനുഷ്യക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പാസ്പോര്‍ട്ടുകളും മറ്റു രേഖകളും പിടികൂടി
കോവളം: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ശ്രീകാന്തന്റെ വെങ്ങാനൂര്‍ വെണ്ണിയൂര്‍ പരുത്തിവിളയിലെ വീട്ടില്‍ അന്വേഷണ സംഘം ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ നിരവധി പാസ്പോര്‍ട്ടുകളും വസ്ഥുക്കളുടെ ആധാരത്തിന്റെ പകര്‍പ്പുകളും ബാങ്കിലെ പാസ് ബുക്കുകളും പിടികൂടി. നേരത്തെ ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പാസ്പോര്‍ട്ടുകളും മൊബൈല്‍ ഫോണുകളും നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പിടികൂടിയിരുന്നു. അന്ന് വീട്ടിലെ റൂമില്‍ ഉണ്ടായിരുന്ന ഒരു ഗോദ് റജ് അലമാര അന്വേഷണ സംഘത്തിന് തുറക്കാന്‍ സാധിച്ചിരുന്നില്ല.
കുന്നത്തു നാട് എസ്.ഐ ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ എത്തി ഈ അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് പാസ്പോര്‍ട്ടുകളും നിരവധി പ്രമാണങ്ങളുടെ പകര്‍പ്പുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍, പാസ് ബുക്കുകള്‍ എന്നിവ കണ്ടെടുത്തത്. ശ്രീകാന്തകെുറിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ 7 ന് കുടുംബത്തോടൊപ്പം വീടു വിട്ട ഇയാല്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.ഇയാളുടെ ബിനാമിയായ കോവളം മുട്ടയ്ക്കാട് സ്വദേശി അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂട്ടു പ്രതി സെല്വന് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി തമിഴ്നാട്ടിലെത്തിയയാളാണ് ശ്രീകാന്തന് എന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാല്‍ വെങ്ങാനൂരില്‍ വീട് വിലക്ക് വാങ്ങി താമസിച്ചു വരികയായിരുന്നു. ഇയാല്‍ക്ക് വെങ്ങാനൂരിലും ഉച്ചക്കടയിലുമായി മൂന്ന് വീടുകളും വെങ്ങാനൂരില്‍ ഒരു കടയും സ്വന്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ സന്ധ്യയോടെ പരുത്തിവിളയിലെ വീട്ടിലെത്തിയ അന്വേഷണ സംഘം രാത്രി 9 മണിയോടെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."