ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായം; വീണ്ടും സ്‌പെഷല്‍ ഓഫിസര്‍
മാവൂര്‍: പരിസ്ഥിതിസൗഹൃദവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഫാക്ടറി തുടങ്ങുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വീണ്ടും സ്‌പെഷല്‍ ഓഫിസര്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2012 മെയ് 20ന് കിന്‍ഫ്ര മാനേജിങ് ഡയരക്ടറായിരുന്ന സുധാകരനെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചിരുന്നു. ഇദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചു. 2016 ഓഗസ്റ്റ് 26ന് ഇപ്പോഴത്തെ കിന്‍ഫ്ര മാനേജിങ് ഡയരക്ടര്‍ ഡോ.ടി ഉണ്ണികൃഷ്ണനെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പി.ടി.എ റഹിം എം.എല്‍.എയുടെ നിയമ സഭയിലെ ചോദ്യത്തിനു മറുപടിയായി വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സഭയില്‍ വ്യക്തമാക്കിയതാണിത്.
1999 മെയ് 10 മുതല്‍ അസംസൃത വസ്തുക്കള്‍ ലഭ്യമാകുന്നില്ലെന്നു പറഞ്ഞ് ഫാക്ടറി ഉല്‍പാദനം നിര്‍ത്തിവയ്ക്കുകയും 2001 ജൂണ്‍ 30ന് ഔദ്യോഗികമായി അടച്ചുപൂട്ടുകയും ചെയ്ത ഗ്രാസിം ഫാക്ടറിയുടെ ഏക്കര്‍ കണക്കിന് ഭൂമി കാട് പിടിച്ച് കിടക്കുകയാണ്.
വ്യാവസായിക ആവശ്യത്തിന് വേണ്ടി പൊതുജനങ്ങളില്‍ നിന്ന് അക്വയര്‍ ചെയ്തുനല്‍കിയ ഒരുഫാക്ടറിക്കുവേണ്ടുന്ന ശുദ്ധജലം, വൈദ്യുതി, ഗതാഗതസൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യ സൗകര്യങ്ങളോടെയുള്ള 433 ഏക്കര്‍ ഭൂമി ഇന്ന് ഗ്രാസിം മാനേജ്‌മെന്റിന്റെ കൈവശമുണ്ട്. ഇത് തിരിച്ചുപിടിച്ച് പരിസ്ഥിതിസൗഹൃദവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ളതുമായ വ്യവസായം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ ഘട്ടങ്ങളിലായി പലരും സമരം നടത്തിയിട്ടുണ്ട്.
ഗ്രാസിം അടച്ചുപൂട്ടി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും നഷ്ട പരിഹാരങ്ങളും കൊടുത്ത ഏതാനും ആഴ്ചകള്‍ക്കകം തുടങ്ങിയതാണ് ഗ്രാസിം ഭൂമിയില്‍ പുതിയവ്യവസായത്തിനായുള്ള മുറവിളി.
16 വര്‍ഷത്തിനകം പലതരത്തിലുള്ള പദ്ധതികള്‍ വിവിധ സര്‍ക്കാരുകള്‍ക്കു മുന്‍പില്‍ ഗ്രാസിം മാനേജ്‌മെന്റ് വച്ചിരുന്നു. പലകാരണങ്ങളാല്‍ ഒന്നും നടപ്പാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."