' പൊലിസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം' പോര്‍മുഖം തുറന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലിസിലെ അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിനു പിന്നാലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം. കേരള പൊലിസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ ഇത്രയും ഗുരുതരമായ അഴിമതി നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചീഫ് സെക്രട്ടറിയും പങ്കുകാരനാണോ എന്ന് സംശയിക്കത്ത വിവരങ്ങളും പുറത്തു വന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോടികളുടെ അഴിമതിയും രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന റൈഫിളുകളും വെടിക്കോപ്പുകളും കാണാതായ സംഭവത്തില്‍ സി.എജിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്.
സംസ്ഥാന പൊലിസ് മേധാവിയുടെ നേതൃത്വത്തിലാണ് നഗ്‌നമായ അഴിമതി നടക്കുന്നത്. അഴിമതിയുടെ വ്യാപ്തി നോക്കുമ്പോള്‍ ഡി.ജി.പിയില്‍ മാത്രമായി ഒതുങ്ങുകയാണെന്ന് കരുതാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡി.ജി.പി.യെ സ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രി മടിക്കുന്നത് അദ്ദേഹത്തിനും ഇതില്‍ പങ്കുണ്ടെന്ന് എന്നതിന്റെ തെളിവാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു കേസിലെ പ്രതിയെ മന്ത്രി കടകംപള്ളി എങ്ങനെ ഗണ്‍മാനായി കൊണ്ടു നടക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു
റൈഫിളുകളും വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടി യു.ഡി.എഫിനെതിരെ സി.പി.എം പ്രചാരണം നടത്തുകയാണ്. എന്നാല്‍, സി.എ.ജി. റിപ്പോര്‍ട്ടില്‍ എവിടെയും യു.ഡി.എഫ്. കാലഘട്ടത്തിലാണ് റൈഫിളുകളും വെടിയുണ്ടകളും കാണാതായതായെന്ന് പറയുന്നില്ല. അതേസമയം ഇടതുമുന്നണി ഭരണഘട്ടത്തില്‍ വന്‍തോതില്‍ ഇവ കാണാതായതായി വ്യക്തമായി വെളിപ്പെടുത്തുന്നുമുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മറ്റു വാദങ്ങള്‍ ഇങ്ങനെ:
തൃശ്ശൂരിലെ എ.ആര്‍ ക്യാമ്പില്‍ ബുള്ളറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച ബോര്‍ഡ് കണ്ടെത്തിയത് 2000 മുതല്‍ 2014 വരെയുള്ള കാലത്താണ് 400 വെടിയുണ്ടകള്‍ കാണാതായെന്നാണ്. പിന്നീട് 2017 ല്‍ അടുത്ത സ്റ്റോക്ക് എടുത്തപ്പോള്‍ കാണാതായ വെടിയുണ്ടകളുടെ എണ്ണം 7433 ആയി. 2018ഒക്‌ടോബര്‍ 16 ന് അടുത്ത സ്റ്റോക്ക് എടുത്തപ്പോള്‍ അത് 8398 ആയി വര്‍ധിച്ചു.
2017 ന് ശേഷം ആയിരത്തോളം വെടി ഉണ്ടകള്‍ നഷ്ടമായെന്നാണ് സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്. ഇതൊക്കെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. സമഗ്രമായ അന്വേഷണം വേണം
2018 ഒക്‌ടോബര്‍ 16 ന് സി.എ.ജി. നടത്തിയ ഓഡിറ്റിലാണ് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. 2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് എ.ആര്‍. ക്യാമ്പിലേക്ക് അയച്ചിരുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. സി.എ.ജി. ചീഫ് സ്റ്റോക്കിലെ രേഖകള്‍ നേരിട്ടു പരിശോധിച്ചപ്പോള്‍ ഇത് കള്ളമാണെന്ന് കണ്ടെത്തി. 25 റൈഫിളുകളും കാണാനില്ലെന്ന നിഗമനത്തില്‍ തന്നെയാണ് സി.എ.ജി. അത് എവിടെ പോയെന്ന് കണ്ടെത്തണം.
ഡി.ജി.പി.യായി ലോക്‌നാഥ് ബഹ്‌റ അധികാരമേറ്റ ശേഷം 151.41 കോടി രൂപയുടെ പര്‍ച്ചേസ് നടത്തിയിട്ടുണ്ടെന്നാണ് വി.ടി. ബല്‍റാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പര്‍ച്ചേസ് നടത്തിയതെന്ന് സി.എ.ജി. കണ്ടെത്തിയിട്ടുമുണ്ട്. പര്‍ച്ചേസുകള്‍ക്ക് മിക്കവയ്ക്കും സര്‍ക്കാര്‍ പിന്നീട് അംഗീകാരം നല്‍കി. നിയമവിരുദ്ധമായി വാങ്ങല്‍ നടത്തുകയും സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തത് കൂട്ടുകച്ചവടത്തിന്റെ തെളിവാണ്.
എസ്.ഐ.മാര്‍ക്കും എ.എസ്.ഐ.മാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ നീക്കി വച്ച 4.35 കോടി രൂപ സര്‍ക്കാര്‍വകമാറ്റി. ഡി.ജി.പി.ക്കും എ.ഡി.ജി.പിക്കും വില്ലയും ക്യാമ്പ് ഹൗസും നിര്‍മിക്കാന്‍ പണം ചെലവിട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ കേരളാ പൊലിസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് ഈ ഫണ്ട് നല്‍കാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ 2017 ല്‍ സപ്ലിമെന്ററി ഗ്രാന്റായി നിയമസഭയില്‍ കൊണ്ടുവന്നാണ് ഈ തുക പൊലിസിന് കൈമാറിയത്. ഈ തുകയാണ് പിന്നീട് വകമാറ്റി വില്ല പണിതത്.
വി.വി.ഐ.പി. വാഹനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതിലും വന്‍ അഴിമതിയും നിയമലംഘനവും നടന്നുവെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ 33 ലക്ഷം രൂപ കരാറുകാരന് നേരത്തെ ഡി.ജി.പി. നല്‍കിയത് കടുത്ത അഴിമതിയാണ്. പൊലിസ് മോഡനൈസേഷനായി വാങ്ങിയ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതും അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ തെളിവാണ്.
സിംസില്‍ വന്‍ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്.ഗാലക്‌സണ്‍ എന്ന കമ്പനിക്ക് സിംസിന്റെ കരാര്‍ നല്‍കിയതിലെ മാനദണ്ഡമെന്തന്ന് അറിയാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്. ഈ കമ്പനിയെ ഇത്ര വലിയ പ്രോജക്ട് ഏല്‍പിച്ചത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമാക്കണം. 160 കോടി രൂപയാണ് ഒരു സ്വകാര്യ കമ്പനിക്കായി ഡി.ജി.പിയുടെ നേതൃത്വത്തില്‍ പിരിച്ചെടുത്തു നല്‍കുന്നത്. ഇതു തീവെട്ടിക്കൊള്ളയാണ്.
ഗാലക്‌സോണ്‍ ആരുടെ ബിനാമി കമ്പനിയാണ്. ഇക്കര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും പങ്കാളിത്തമെന്താണ്. കമ്പനിക്ക് കരാര്‍ തരപ്പെടുത്തിയതിന് പിന്നില്‍ ആരാണ്. ഇതൊക്കെയും വ്യക്തമാകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."