പുതിയകാവ് മാര്‍ക്കറ്റില്‍ മാലിന്യം തള്ളുന്നു
മാവേലിക്കര: പുതിയകാവ് മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മാലിന്യം തള്ളുന്നു. ജൈവമാലിന്യങ്ങള്‍ കുന്നുകൂടിയതോടെ പ്രദേശവാസികള്‍ക്ക് ഇവിടെ കഴിയുവാന്‍ പറ്റാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. മാലിന്യം കിടന്ന് ചീഞ്ഞതോടെ അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ രോഗഭീതിയിലുമായി.
പ്രദേശത്തെ കിണറുകളിലും മാലിന്യം വീഴാനുള്ള സാധ്യതയുണ്ട്. മാവേലിക്കര മുനിസിപ്പാലിറ്റി ഖരമാലിന്യ സംസ്‌ക്കരണയന്ത്രം സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. വിദൂരപ്രദേശങ്ങളിലെ ജൈവ മാലിന്യങ്ങള്‍ പോലുംഇവിടെ ഉപേക്ഷിക്കുന്നതിനാല്‍ നാട്ടുകാര്‍ രോഗഭീതിയിലാണ്. മാവേലിക്കര മുനിസിപ്പാലിറ്റി പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കേന്ദ്രമായി തീര്‍ന്നിരിക്കുകയാണ് പുതിയകാവ് മാര്‍ക്കറ്റ്. മാലിന്യം മണ്ണിട്ട് മൂടുന്ന ജോലികള്‍ ഇവിടെ നടക്കുന്നില്ല. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ നായശല്യവും കുടുതലാണ്. സമീപത്തെ കിണറുകള്‍ മലീമസമാവുന്നതിനോടൊപ്പംതന്നെ തഴക്കര പുഞ്ചയിലെ തോട്ടിലേക്ക് മാലിന്യം വ്യാപിക്കുന്നതിനാല്‍ പുതിയകാവ് മഞ്ഞാടി, തഴക്കര പോളച്ചിറയ്ക്കല്‍ കോളനി പ്രദേശവാസികളെയും ഗുരുതരമായി ഇതു ബാധിക്കുന്നു. പുതിയകാവ് നിവാസികളുടെ കൂട്ടായ്മ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ട് മാലിന്യനിക്ഷേപം പുതിയകാവ് മാര്‍ക്കറ്റില്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, പുതിയകാവ് ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രം, പേര്‍കാട്ട് ശ്രീ അയ്യപ്പ ക്ഷേത്രം, മലങ്കര കത്തോലിക്കാ ചര്‍ച്ച് തുടങ്ങിയ ദേവാലയങ്ങള്‍ക്ക് സമീപമുള്ള ഈ മാര്‍ക്കറ്റിലെ മാലിന്യനിക്ഷേപം അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."