സ്ത്രീധനം കിട്ടാന്‍ ദുര്‍മന്ത്രവാദവും മര്‍ദനവും: ഭര്‍ത്താവടക്കം മൂന്ന് പേര്‍ക്കെതിരേ കേസ്
അമ്പലപ്പുഴ: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിയെ മാരകമായി ഉപദ്രവിക്കുകയും ദുര്‍മന്ത്രവാദത്തിന് ഇരയാക്കുകയും ചെയ്‌തെന്നു പരാതി. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവായ ആലിശേരി സ്വദേശിക്കും മാതാവിനും സഹോദരിക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലിസ് കേസെടുത്തിരിക്കുന്നത്.
വണ്ടാനം സ്വദേശിനിയായ പതിനെട്ടുകാരിയാണ് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത്: വിവാഹം കഴിഞ്ഞു 45 ദിവസത്തിനുള്ളില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞു വിവാഹം നടത്തിയശേഷം അടുത്ത ദിവസം മുതല്‍ യുവതിയുടെ വീട്ടില്‍ നിന്നു നല്‍കിയ ആഭരണങ്ങള്‍ കുറഞ്ഞുപോയെന്ന പേരില്‍ മോശമായ രീതിയില്‍ സംസാരിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടയില്‍ യുവതിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്ന് ആരോപിച്ച് രണ്ടു ദുര്‍മന്ത്രവാദികളുടെ അടുത്ത് എത്തിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു.
മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവതിയുടെ കൈക്കും നട്ടെല്ലിനും സാരമായ പരുക്കേറ്റതിനെത്തുടര്‍ന്ന് 2018 ഡിസംബര്‍ 26നു ബന്ധുക്കളെത്തിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സ്ത്രീധന പീഡനത്തിനാണു പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."