കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ വിസമ്മതിച്ച് ബാങ്കുകള്‍; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ കടലാസില്‍
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പദ്ധതി കടലാസില്‍ മാത്രമാണെന്ന ആക്ഷേപം ശക്തം. അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ വായ്പക്കായി കര്‍ഷകര്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും അതേ ബാങ്കില്‍ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പ ലഭിക്കുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. ഇതുപ്രകാരം കര്‍ഷകര്‍ തങ്ങളുടെ കിസാന്‍ സമ്മാന്‍ നിധി അക്കൗണ്ടുകളുള്ള ബാങ്കുകളെ വായ്പക്കായി സമീപിച്ചെങ്കിലും ആര്‍ക്കും വായ്പ ലഭിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറിക്കയിട്ടും തങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് പല ബാങ്കുകളും പറയുന്നത്. ഈ സ്‌കീമില്‍ വായ്പ നല്‍കാന്‍ അനുവാദമില്ല, ഈ വര്‍ഷത്തെ ക്വാട്ട കഴിഞ്ഞുപോയി തുടങ്ങിയ മുടന്തന്‍ ന്യായവാദങ്ങളും ചില ബാങ്കുകള്‍ കര്‍ഷകരോട് പയറ്റുന്നുണ്ട്. മുന്‍പ് വായ്പയെടുത്ത് കുടിശ്ശികയാവുകയും പിന്നീട് അടച്ച് തീര്‍ക്കുകയും ചെയ്തവര്‍ സിബില്‍ വ്യവസ്ഥയില്‍ കുടിങ്ങിക്കിടക്കുകയാണ്. ഇങ്ങനെ സിബിലില്‍ കുടുങ്ങിയവര്‍ക്കും അക്കാരണങ്ങള്‍ കൊണ്ട് ബാങ്കധികൃതര്‍ വായ്പ നിഷേധിക്കുന്നുണ്ട്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള കര്‍ഷകര്‍ വായ്പക്ക് അപേക്ഷിച്ചാല്‍ പരമാവധി 15 ദിവസത്തിനകം വായ്പ അനുവദിക്കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ അധികാരികള്‍ തയാറാവുന്നില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
ജില്ലാതലങ്ങളില്‍ ബാങ്കിങ് അവലോകനസമിതി യോഗം ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കര്‍ഷകരെയും കെ.സി.സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്.
ലീഡ് ബാങ്ക്, നബാര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വകുപ്പുകളെല്ലാം കര്‍ഷകരെ പദ്ധതിയിലേക്ക് ആകര്‍ഷിച്ച് എത്തിക്കുന്നുമുണ്ട്. എന്നാല്‍ പദ്ധതിയിലെ പ്രധാന കടമ്പയായ വായ്പ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ മറ്റെന്താണെന്ന് ഇവര്‍ക്കുമറിയില്ല. പദ്ധതിയില്‍ 1,60,000 രൂപ വരെ വായ്പ ലഭിക്കാന്‍ യാതൊരു ഈടും വേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ഈടുനല്‍കിയാല്‍ സ്ഥലത്തിന്റെ അളവിനനുസരിച്ച് എത്ര ലക്ഷം വേണമെങ്കിലും കെ.സി.സി വായ്പ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം ബാങ്കുകള്‍ നിഷേധിക്കുകയാണ്. നിലവിലുള്ള വായ്പ പുതുക്കല്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത് 1.6 ലക്ഷം രൂപവരെ വായ്പ ലഭിക്കാന്‍ ഭൂനികുതി രസീതി, ആധാരത്തിന്റെ പകര്‍പ്പ്, വേറെ ബാങ്കില്‍നിന്ന് ഇതേഭൂമിക്ക് വായ്പയെടുത്തിട്ടില്ലെന്ന സത്യപ്രസ്താവന എന്നിവ വേണമെന്നാണ്. ഇതൊക്കെ കൊടുത്തിട്ടും ഇതുവരെ കര്‍ഷകര്‍ക്ക് വായ്പ ലഭിച്ചില്ലെന്നത് മറ്റൊരു കാര്യം.
സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ വായ്പകള്‍ കര്‍ഷകര്‍ തിരിച്ചടക്കില്ലെന്ന ആശങ്കയാണ് ബാങ്കുകളുടെ ഇത്തരത്തിലുള്ള ഒളിച്ചുകളിക്ക് കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."