സൗരയുമായി കെ.എസ്.ഇ.ബി; മേല്‍ക്കൂരകള്‍ വൈദ്യുതിനിലയങ്ങളാക്കും
മണ്ണഞ്ചേരി: വൈദ്യുതിക്ഷാമ പരിഹാരത്തിനായി വീടിന്റെ മേല്‍ക്കൂരകള്‍ വൈദ്യുതി നിലയങ്ങളാക്കുന്നു. സംസ്ഥാന വൈദ്യുതി വകുപ്പും അനര്‍ട്ടും ചേര്‍ന്ന് നടപ്പാക്കുന്ന സൗര എന്ന പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചുള്ള വൈദ്യുതിയുടെ ഉല്‍പ്പാദനം.
ഇതിനായി ജനുവരി അവസാനം വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കല്‍ ഒക്ടോബറില്‍ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രളയം കാരണമാണ് തിയതി ദീര്‍ഘിപ്പിച്ചു നല്‍കിയത്. അപേക്ഷകള്‍ നല്കുന്നവരില് നിന്നും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള സോളാര്‍ കോഡിനേറ്ററര്മാര് പരിശോധന നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കുന്ന വീട്ടുടമയ്ക്ക് ഉല്‍പ്പാദനത്തിന്റെ 10 ശതമാനം വൈദ്യുതി സൗജന്യമായി നല്‍കും.
സ്വന്തമായി പണം മുടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ഇത്തരത്തില്‍ ഉള്ളവരില്‍ നിന്നും ഉപയോഗശേഷം വരുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി പണം നല്കി വാങ്ങും. ഊര്‍ജ്ജ കേരളം പദ്ധതിയുടെ ഭാഗമായി 2022 ഓടെ 1000 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് സൗരയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ 500 മെഗാവാട്ട് ജലാശയങ്ങളുടെ പരപ്പിലും 150 മെഗാവാട്ട് ഗാര്‍ഹികമായും 250 മെഗാവാട്ട് വ്യവസായശാലകളുടെ മേല്‍ക്കൂരകളിലും സോളാര്‍ പാനല്‍ ഘടിപ്പിച്ചാകും ഉല്‍പ്പാദനം സാധ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."