കൊടുംവനത്തില്‍ ഒറ്റപ്പെട്ട രാത്രി
അബ്ദുല്‍ ഫത്താഹ് എ.കെ
ട്ടരുവികളോടും മഴക്കാടുകളോടും കാട്ടുചോലകളോടും കിന്നാരം പറഞ്ഞു കൂമ്പന്‍മലയിലേക്കു പുറപ്പെട്ട ഒരനുഭവ കഥയാണിത്. പടര്‍ന്നുപന്തലിച്ച കാട്ടുവള്ളികള്‍ക്കും കൈതക്കാടുകള്‍ക്കും ഇടയിലുടെ ആര്‍ത്തുല്ലസിച്ച്, വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും പേടിച്ച്, കോടമഞ്ഞില്‍ കുടുങ്ങി വഴിയറിയാതെ, കാറ്റും മഴയും ഇരുട്ടും അതിജീവിച്ച്, വിശപ്പും ദാഹവും തരണംചെയ്ത്, കൊടുംവനത്തില്‍ അന്തിയുറങ്ങിയ, ഓര്‍ക്കാന്‍ ഭയക്കുന്ന ഒരു സാഹസികയാത്രയുടെ ഓര്‍മ.
ഒരു സാഹിത്യ ക്യാംപുമായി ബന്ധപ്പെട്ട അറിയിപ്പില്‍നിന്നാണ് കൂമ്പന്‍മല മനസില്‍ ഇടംപിടിക്കുന്നത്. കാട്ടിനകത്തൊരു സാഹിത്യ ക്യാംപ്. പോരാത്തതിനു വനപാതയിലൂടെയൊരു ട്രക്കിങ്ങും! മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന കൊച്ചുഗ്രാമത്തിലെ കൂമ്പന്‍ മലയോരത്താണ് ക്യാംപ്. പെരിന്തല്‍മണ്ണയില്‍നിന്ന് കരുവാരക്കുണ്ടിലേക്ക് ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ ബസ് യാത്ര. അവിടന്നങ്ങോട് ജീപ്പില്‍ മലയോരം ചേര്‍ന്നുള്ള യാത്രയാണ് ഏറെ മനോഹരം. നിരനിരയായുള്ള ആല്‍മരങ്ങള്‍, ഇടയ്ക്കിടെ തേക്കിന്‍കാട്, പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന കാട്ടുവള്ളികള്‍. കുന്നുകളും കാട്ടുചോലകളും. ഇടതോരാതെയുള്ള ചാറ്റല്‍മഴ യാത്രയ്ക്കു ഹരംപകര്‍ന്നു.
ജീപ്പ് ഉയരങ്ങള്‍ താണ്ടിക്കൊണ്ടിരിക്കുന്നു. ചുറ്റും കൊക്ക. മരങ്ങള്‍ തിങ്ങനിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ പൂര്‍ണമായും ഉള്‍വനത്തിലൂടെയാണു സഞ്ചാരം. കാട്ടരുവികളും അരുവികളോടു ചേര്‍ന്നു നടനനൃത്തമാടുന്ന പക്ഷിമൃഗാദികളും കണ്ടു പലയിടത്തും.
ജീപ്പിന് അല്‍പം വേഗത കുറഞ്ഞു. വനപാതയില്‍ ചെളിയും ചേറും നിറഞ്ഞിരിക്കുന്നു. ശേഷം യാത്ര കാല്‍നടയായി. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തം തുടര്‍ന്നു. ഒടുവില്‍ കുറച്ചുപേര്‍ കൂട്ടംകൂടി നില്‍ക്കുന്ന ഒരു വീടിനടുത്തെത്തി. കാടിനു നടുവിലൊരു വീട്. കുറച്ചപ്പുറത്ത് വിശാലമായി പരന്നുകിടക്കുന്ന ആഴമേറിയ കൊക്ക. ബാക്കി സുഹൃത്തുക്കള്‍ കൂടി വന്നുചേര്‍ന്നതോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാട്ടുവള്ളികള്‍ക്കിടയിലൂടെ, ഒരാള്‍പൊക്കത്തില്‍ നിവര്‍ന്നുനില്‍ക്കുന്ന പുല്‍മേടുകള്‍ക്കിടയിലൂടെ, മലമടക്കുകളിലൂടെ...
ഒടുവില്‍ കൂമ്പന്‍മലയ്ക്കു മുകളിലെത്തി. മലയുടെ അധികഭാഗവും കോടമഞ്ഞു തിങ്ങിനിറഞ്ഞിരുന്നു. തൊട്ടുമുന്‍പിലുള്ളതു പോലും തിരിച്ചറിയാനാകാത്തവിധം മഞ്ഞ് മൂടിക്കിടക്കുന്നു. മലനിരപ്പില്‍ കൊക്കോ മരങ്ങള്‍ തിങ്ങിനില്‍ക്കുന്നു. അതിലെ ഫലങ്ങള്‍ കൊണ്ടാണത്രെ ചോക്ലേറ്റ് നിര്‍മിക്കുന്നത്. ജാതിക്കയും ഞാവല്‍പഴവും കാടിനു ഭംഗിയേറ്റുന്നു. സമുദ്രനിരപ്പില്‍നിന്ന് ഒന്നര കി.മീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങളുള്ളത്. മലയുടെ ഏറ്റവും ഉച്ചിയില്‍! താഴേക്കു നോക്കിയാല്‍ പഞ്ഞിക്കെട്ടുകളില്‍ നീരാടുന്ന മാലാഖമാരെ പോലെ കുറേ രൂപങ്ങള്‍.
നേരം കൂടുതല്‍ ഇരുട്ടാവുംമുന്‍പ് തിരിക്കണമെന്നായിരുന്നു ഷെഡ്യൂള്‍. പക്ഷേ കോട ഞങ്ങളെ പൂര്‍ണമായും വിഴുങ്ങിയിരുന്നു. കല്ലിലും വള്ളിയിലുമൊക്കെ കാല്‍ കുരുങ്ങി പലരും നിലംപൊത്തി. കോടയെ വകവയ്ക്കാതെ ഞങ്ങള്‍ മടക്കയാത്ര തുടര്‍ന്നു. പക്ഷേ ഇടയ്ക്കു വഴിമാറി കി.മീറ്ററുകളോളം ഞങ്ങള്‍ സഞ്ചരിച്ചിരുന്നു. ഒടുവില്‍ എത്തിപ്പെട്ടത് അരഭാഗത്തോളം മൂടുന്ന വെള്ളക്കെട്ടിലായിരുന്നു. കാലുകളെ ഇക്കിളിപ്പെടുത്തി കുഞ്ഞുമീനുകള്‍ കടന്നുപോയി. ജീവനോടുള്ള കൊതി കാരണം ഒന്നും അത്ര രസിച്ചില്ല. അവിടെനിന്നും മാറി കുറേ സഞ്ചരിച്ചെങ്കിലും അതും എത്തിപ്പെട്ടത് അതേ വെള്ളക്കെട്ടിന്റെ മറ്റൊരു വശത്ത്!
അങ്ങകലെ പച്ചപിടിച്ച ഒരു മൊട്ടക്കുന്ന് ആരുടെയോ കണ്ണില്‍പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്താല്‍ ആ കുന്നും ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പുല്‍മേടുകള്‍ നിറഞ്ഞ ദുര്‍ഘടം പിടിച്ച ഇടവഴികളിലൂടെ കുന്നിന്‍മുകളിലേക്കു വലിഞ്ഞുകയറി. തിരിഞ്ഞുനോക്കുമ്പോള്‍ നാലു ഭാഗവും പച്ചപുതച്ച കൂറ്റന്‍മലകള്‍.
സമയം വൈകിട്ട് 4.30. ഗൂഗിള്‍ ലോക്കേഷന്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്ത്. ഇനിയെന്തു ചെയ്യും! ഭയം, ദാഹം, വിശപ്പ് എല്ലാംകൂടെ ആകെ തലകറങ്ങുന്ന പോലെ. എല്ലാവരും അല്‍പനേരത്തേക്കു നിശബ്ദരായി. ഉറക്കെ കരയണമെന്നുണ്ടായിരുന്നു. പക്ഷേ, ശബ്ദം ഉയരുന്നില്ല. സമയം കണ്ണില്‍ച്ചോരയില്ലാതെ കുതിക്കുകയാണ്. സൂര്യകിരണങ്ങള്‍ സങ്കടത്തോടെ തിരിഞ്ഞുപോയി. ഞങ്ങള്‍ മാത്രം ആ കൊടുംവനത്തില്‍ ഒറ്റയ്ക്കായി.
ഇപ്പോള്‍ ഞങ്ങള്‍ക്കു ചുറ്റും ഇരുട്ട് മാത്രം... കൂരിരുട്ട്. വിശപ്പ് കഠിനമായിത്തുടങ്ങി. എന്തു വന്നാലും നേരിടാമെന്ന ഭാവത്തില്‍ ഫോണില്‍ ജി.പി.എസ് സെറ്റ് ചെയ്തു യാത്ര ആരംഭിച്ചു. ആ കൊടുംവനത്തില്‍ ഒരു മിന്നാമിനുങ്ങുപോലും വെളിച്ചം പരത്തുന്നില്ല.
സമയം 7.30 മണി. നാട്ടുകാരും വീട്ടുകാരും അടിക്കടി വിളിച്ചുകൊണ്ടേയിരുന്നു. മനസില്‍ ഭയം കൂരിരുട്ടായി മാറി. എല്ലാവരോടും സമാധാനവാക്കുകള്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഒരു ഭാഗത്ത് ആഴമേറിയ കൊക്ക. വീണാല്‍ എല്ലു പോലും ബാക്കി ലഭിക്കാത്ത വിധത്തിലുള്ള ഗര്‍ത്തം. മറുവശത്ത് ചെങ്കുത്തായി നില്‍ക്കുന്ന കൂറ്റന്‍പാറകള്‍. അതിനിടയിലൂടെ ചെളിയും ചേറും നിറഞ്ഞ ഒരു ചെറിയ വഴിമാത്രം. കൈയിലുള്ള ഫോണിലെ ടോര്‍ച്ചായിരുന്നു ആകെ ശരണം. അതും ഓരോന്നോരോന്നായി മങ്ങിത്തുടങ്ങി. അവസാനം വെറും മൂന്ന് ലൈറ്റ് മാത്രം ബാക്കിയായി. ഭയം ഇരട്ടിയായിവരുന്നു. ദൈവമേ... മണിക്കൂറുകള്‍ നടന്നിട്ടും എവിടെയും അവസാനിക്കുന്നില്ല.
ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.00. തണുപ്പ് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഞങ്ങളെ നോക്കിവിതുമ്പുന്നു. ശരീരമാസകലം വേദന തുടങ്ങി. കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു. നെഞ്ചിടിപ്പ് അല്‍പം വേഗത്തിലായി. വിശന്ന് വലഞ്ഞ് ഞാനാകെ തളര്‍ന്നുതുടങ്ങി. ഇല്ല... ഇനി ഒരടി പോലും മുന്നോട്ടുവയ്ക്കാനാകില്ല...!
അവസാനം യാത്ര നിറുത്തിവച്ചു. ആ കൊടുംവനത്തില്‍ രാത്രികാലത്ത് ഒരു മനുഷ്യപ്പെരുമാറ്റം ഇതാദ്യമായിട്ടായിരിക്കും. കൊക്കയെ സ്വപ്നം കണ്ട് ഒരു പാറയില്‍ ചെരിഞ്ഞുകിടന്നു. അല്‍പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങള്‍ വീണ്ടും യാത്രയ്ക്കായി എഴുന്നേറ്റു. ഇരുട്ടില്‍ തട്ടിത്തിരഞ്ഞു മുന്നോട്ടു നടന്നപ്പോള്‍, മുന്‍പിലൊരു വെള്ളച്ചാട്ടം. അതിനപ്പുറം കടക്കണം. വെള്ളച്ചാട്ടത്തിനിടയിലെ ഒരു ദ്വാരത്തില്‍ കാല്‍വച്ചു പാറക്കല്ലില്‍ പൊത്തിപ്പിടിച്ച് ഓരോരുത്തരായി കഷ്ടിച്ച് അപ്പുറത്തെത്തണം. അഥവാ പിടിവിട്ടാല്‍ കിലോമീറ്ററുകളോളം താഴ്ചയിലേക്ക്... മരണം മുന്നില്‍ കണ്ട് ഓരോരുത്തരും ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു.
സമയം 3.00. ഇനിയുള്ള മുന്നോട്ടുപോക്ക് അപകടകരമാണെന്ന് ഉറപ്പായപ്പോള്‍ യാത്ര തല്‍ക്കാലം അവസാനിപ്പിച്ചു. അങ്ങനെ കാട്ടുവള്ളികളിലും പാറക്കല്ലിലുമൊക്കെയായി ചാഞ്ഞും ചരിഞ്ഞും കിടന്നു. സൂര്യകിരണങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നേരത്തെ തന്നെ തലയുയര്‍ത്തി. പക്ഷികളും പൂമ്പാറ്റകളും ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം മുഴക്കി. ഇളംതെന്നല്‍ കൂടുതല്‍ ഉന്മേഷവും കരുത്തും പകര്‍ന്നു.
രാവിലെ കണ്ണുതിരുമ്മി എണീറ്റപ്പോഴാണ് അറിയുന്നത്, മുന്‍പില്‍ ആഴത്തില്‍ താണുകിടക്കുന്ന വലിയൊരു കൊക്കയായിരുന്നുവെന്ന്. ആഴമേറിയതും ഭീതിപ്പെടുത്തുന്നതുമായിരുന്നു ആ കൊക്ക. ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ രാവിലെ 9.00 മണിയോടെ കാടിന്റെ ഇരുട്ടില്‍നിന്ന് ഞങ്ങള്‍ നാടിന്റെ വെളിച്ചത്തിലേക്കെത്തി. മലയുടെ വേറൊരു ഭാഗമായിരുന്നു അത്. പെരിന്തല്‍മണ്ണയുടെ ഏതോ ഒരു മൂലയില്‍. അവിടെ എത്തിയപ്പോഴല്ലേ രസം! ഞങ്ങളെ കാത്ത് പൊലിസും മാധ്യമപ്രവര്‍ത്തകരും. എല്ലാവരും ഞങ്ങളെ ഉറ്റുനോക്കുന്നു.
അവിടെ പൊലിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ നാട്ടിലേക്കു മടങ്ങി; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഓര്‍മകള്‍ ബാക്കിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."