ദിശാ സൂചികകളില്ല; ചായ്യോത്ത് കോംപ്ലക്സ് വളവ് അപകടകുരുക്കാവുന്നു
നീലേശ്വരം: എടത്തോട്-നീലേശ്വരം റോഡില്‍ ചായ്യോത്ത് കയ്യൂര്‍ റോഡില്‍ ചായ്യോത്ത്്് കോംപ്ലക്സിന് സമീപമുള്ള ചെറിയ വളവ് അപകടകുരുക്കാവുന്നു. കയ്യൂര്‍ ഭാഗത്തുനിന്നു പോകുന്നതും വരുന്നതുമായ വാഹനങ്ങളെ ഇടത്തോട് റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ദിശാസൂചികകളോ മറ്റു ബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ നല്ല വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നുണ്ട്. ഈ വളവില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. രാവിലെയും വൈകുന്നേരങ്ങളിലും തൊട്ടടുത്ത ട്യൂഷന് സെന്ററിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും വിദ്യാര്‍ഥികള്‍ അശ്രദ്ധയോടെ കടന്നു പോകുന്നതും അപകടം വിളിച്ചുവരുത്തുന്നു.കഴിഞ്ഞ വര്‍ഷമാണ് ഈ വളവില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചത്. കയ്യൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് റോഡിനു വീതി കുറഞ്ഞതിനാല്‍ മെയിന്‍ റോഡില്‍ കയറാന്‍ തന്നെ ഏറെ സമയമെടുക്കുകയാണ്. കയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന് വീതി കൂട്ടണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെറിയ ദിശാ ബോര്‍ഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും വളവില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."