ജിഷ്ണുവിന്റെ മരണം: പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി : ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്റു കോളജ് ചെയര്മാന് ഡോ. പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിമൊഴികളില്‍ കോളജ് ചെയര്മാന് കൃഷ്ണദാസിനെതിരേ വ്യക്തമായ തെളിവില്ലെന്നു ഹൈക്കോടതി പറഞ്ഞു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ രക്തം കട്ടപിടിച്ച പാടുകളും മുറിവുകളുമുണ്ടെന്ന് പോലിസ് വ്യക്തമാക്കുമ്പോള്‍ മൂക്കിന്മേലുള്ള ചെറിയ പോറല്‍ ഒഴികെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറ്റൊന്നും പറയുന്നില്ല. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് ഗൗരവമേറിയ പ്രശ്നമാണ്. എന്നാല്‍ കൃഷ്ണദാസാണ് ഇതു ചെയ്തതെന്നതിന് തെളിവില്ല. മാത്രമല്ല, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുമ്പോള്‍ ഇത്തരമൊരു പ്രേരണ നല്‍കിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ കൃഷ്ണദാസിനെതിരേ ഇത്തരം വ്യക്തമായ തെളിവില്ലെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു.
ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ടു പോകരുത്. പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുത്, കാംപസില്‍ പ്രവേശിക്കരുത് എന്നീ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് കഴിഞ്ഞ ജനുവരി ആറിനാണ് ആത്മഹത്യ ചെയ്തത്. പിന്നീട് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലിസ് കേസെടുത്തതിനെ തുടര്‍ന്നാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."