കണ്ണമംഗലം പഞ്ചായത്ത് ഓഫിസ് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് അംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണമംഗലം മേഖലാ കമ്മറ്റി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയില്‍ നേതാക്കള്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സമരക്കാരെ 12.50 ഓടെ വേങ്ങര എസ്.ഐ. വി ഹരിദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി. കോട്ടാടന്‍ സുബ്രമണ്യന്‍, കെ ഹുസൈന്‍, എ മുഹമ്മദ് ഇല്യാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം മുന്‍ പഞ്ചായത്തംഗമായ യുവതി 15ാം വാര്‍ഡ് മെമ്പര്‍ നെടുമ്പള്ളി സെയ്തലവിക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ലീഗ് പഞ്ചായത്ത് സെക്രട്ടറിയായ സെയ്തലവി ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഉപരോധം രാവിലെ ഏഴോടെയാണ് ആരംഭിച്ചത്. ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സമരക്കാര്‍ തടഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെയും തിരിച്ചയച്ചു. മലപ്പുറത്ത് നിന്ന് ഉള്‍പ്പെടെ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം വി.ടി സോഫിയ സമരം ഉദ്ഘാടനം ചെയ്തു. കെ.പി പ്രഭാകരന്‍ അധ്യക്ഷനായി.
എന്‍.കെ പോക്കര്‍, ഇ.കെ ആലി മൊയ്തീന്‍, കെ.പി സുബ്രഹ്മണ്യന്‍, എം ഇബ്‌റാഹിം, കെ സുബ്രഹ്മണ്യന്‍, സി.കെ സുബൈര്‍, കെ മുഹമദ് ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."