ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് കോള്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെകുറിച്ച് ചര്‍ച്ച ചെയ്തു.ഈ മാസം 22ന് ശേഷം 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക, തിരിച്ചറിയല്‍ കാര്‍ഡ്, പോളിങ് സ്റ്റേഷന്‍ തുടങ്ങി തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭിക്കും. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
കോള്‍ സെന്റര്‍ വഴി സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയതായി കലക്ടര്‍ അറിയിച്ചു. ഇതിനായി പ്രത്യേകം ഓഫിസ് സജ്ജീകരിക്കുകയും ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണനെ ജില്ലാ കോണ്‍ടാക്ട് ഓഫിസറായി നിയമിക്കുകയും ചെയ്തു.
കോള്‍ സെന്ററില്‍ സ്ഥിരമായി നാല് ജീവനക്കാരുണ്ടാകും. വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ രാമചന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് എസ്. ഗോവിന്ദന്‍, കെല്‍ട്രോണ്‍ കോര്‍ഡിനേറ്റര്‍ ശ്രീജ, സീനിയര്‍ ക്ലര്‍ക്ക് ടി.കെ വിനോദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."