വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം ബന്ധുവായ യുവതി അറസ്റ്റില്‍
വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി കാര്‍ഗില്‍ ബസ്സ്റ്റോപ്പിന് സമീപം പറമ്പത്ത് മൂസയുടെ ഭാര്യ അലീമ (60)യെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളിയിലെ പട്ടര്‍കണ്ടി സമീറ (40) യാണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജുമുഅ നിസ്കാര സമയത്ത് അലീമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ആഭരണവുമായി കടന്നുകളയുകയായിരുന്നു. മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലംവിട്ടത്. എന്നാല്‍, ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലിസിനോടും പറഞ്ഞതോടെയാണ് ഇതിനുപിന്നില്‍ ആരെന്ന് വ്യക്തമായത്. സ്വര്‍ണം വടകരയിലെ ജ്വല്ലറിയില്‍ വിറ്റ് കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കുവരുമ്പോഴാണ് പ്രതി പിടിയിലായത്.
അലീമയുടെ കുടുംബവുമായി സമീറയ്ക്ക് അടുത്ത ബന്ധമാണുള്ളത്. മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വീട്ടിനകത്തുനിന്ന് സ്വര്‍ണം കവരുന്നത് അലീമ കണ്ടപ്പോള്‍ പിടിവലിയുണ്ടാവുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് വായില്‍ തുണി തിരുകി. രണ്ടരയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റുകിടക്കുന്ന അലീമയെയാണ് കാണുന്നത്.
തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി.
അറസ്റ്റിലായ സമീറയെ വടകരയിലെ ജ്വല്ലറിയില്‍ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് വിറ്റ സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം വിറ്റുകിട്ടിയ പണംകൊണ്ട് തന്റെ പേരില്‍ പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ചിരുന്ന സ്വര്‍ണം ഇവര്‍ എടുത്തിരുന്നു. ഇവിടെയും പൊലിസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."