സി.പി.എമ്മിന് പണികൊടുത്ത് സി.പി.ഐ
ശാസ്താംകോട്ട: ചുഴലിക്കാറ്റ് നാശംവിതച്ച പോരുവഴി പഞ്ചായത്തിലെ പള്ളിമുറിയില്‍ സി.പി.ഐയുടെ പ്രതിനിധിയായ മന്ത്രി കെ.രാജു സന്ദര്‍ശനം നടത്തിയത് സി.പി.എമ്മിന് തിരിച്ചടിയായി.
ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സി.പി.ഐയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബി.ജെ.പി അടക്കമുള്ള മറ്റ് രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ നിന്നും സി.പി.ഐയെ സി.പി.എം മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു. സര്‍വകക്ഷി യോഗത്തിലെ ധാരണയനുസരിച്ച് റവന്യൂമന്ത്രി അടക്കമുളളവരെ നേരില്‍ക്കണ്ട് വിഷയം ധരിപ്പിക്കാനായിരുന്നു സി.പിഎമ്മിന്റെ ശ്രമം.
എന്നാല്‍ ഇതു മണത്തറിഞ്ഞ സി.പി.ഐ നേതാക്കള്‍ ഒരുമുഴം മുന്നേയെറിഞ്ഞു. തങ്ങളുടെ മന്ത്രിയായ കെ.രാജുവിനെ കൊണ്ടുവരാന്‍ രാത്രി തന്നെ അവര്‍ കരുക്കള്‍ നീക്കി. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മന്ത്രിയെത്തുന്ന വിവരം സി.പി.എമ്മില്‍നിന്നും മറച്ചുവയ്ക്കാനും അവര്‍ശ്രമിച്ചു. ഒടുവില്‍ ഇന്നലെ ഉച്ചക്ക് രണ്ടോടെ മന്ത്രി കെ.രാജു പോരുവഴിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കുപറ്റിയ അമളിസി.പി.എമ്മിന് ബോധ്യമായത്. അതിനിടെ മന്ത്രി കെ.രാജുവിന്റെ സന്ദര്‍ശനം പ്രഹസനമായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു.
ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനോ, ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ കഴിയാത്ത മന്ത്രി ഫോണിലൂടെ ആരെയൊക്കയോ വിളിച്ച് ദുരിതബാധിതര്‍ക്ക് പ്രതീക്ഷമാത്രം വാനോളംനല്‍കി മടങ്ങുകയായിരുന്നു എന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."