വിവാദ ഫേസ്ബുക് പോസ്റ്റ്: കുടുംബശ്രീ ഓഫിസ് ഉപരോധിച്ചതിന് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
മലപ്പുറം: നിരന്തരം മതവിദ്വേഷം പ്രചരിപ്പിക്കുന്നതും സ്ത്രീകളെ അവഹേളിക്കുന്നതുമായ ഫേസ്ബുക് പോസ്റ്റ് പ്രസിദ്ധീകരിച്ച ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിനെതിരേ നടപടി ആവശ്യപ്പെട്ടു കുടുംബശ്രീ ഓഫിസ് ഉപരോധിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ക്കെതിരേ പൊലിസ് കേസെടുത്തു. എന്നാല്‍, സര്‍ക്കാര്‍ ചെലവില്‍ മതവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റ് നിരന്തരം പ്രചരിപ്പിച്ചെന്നു ബോധ്യമായിട്ടും സംഭവത്തില്‍ തെറ്റുകാരായ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ ഇതുവരെ തയാറായിട്ടില്ല.
രണ്ടു ദിവസം മുന്‍പു മലപ്പുറത്തെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ സംഭവവുമായി ബന്ധപ്പെട്ടു പ്രതിഷേധിക്കാനെത്തിയ കണ്ടാലറിയാവുന്ന പന്ത്രണ്ടോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജില്ലാ മിഷന്‍ കോഡിനേറ്ററുടെ പരാതിയില്‍ മലപ്പുറം എസ്.ഐ കേസെടുത്തത്. ഓഫിസില്‍ കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂര്‍ നേരം റൂമില്‍ പൂട്ടിയിട്ട് സമരം നടത്തുകയും ചെയ്തുവെന്നാണ് ജില്ലാ കുടുംബശ്രീ കോഡിനേറ്ററുടെ പരാതി.
മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തെ വിമര്‍ശിച്ചും മതവിദ്വേഷം വളര്‍ത്താനിടയാകുന്നതുമായ പോസ്റ്റാണ് വിവാദമായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബശ്രീ മിഷനു കീഴിലുള്ള പൂക്കോട്ടൂരിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക ഫേസ്ബുക് പോജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുന്‍പും ഇത്തരം പോസ്റ്റുകള്‍ ഇതേ പേജില്‍ ഷെയര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നു തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ യൂത്ത്‌ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലുള്ള ജില്ലാ മിഷന്‍ ഓഫിസ് ഉപരോധിച്ചു.
എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നു സംസ്ഥാന മിഷന്‍ കോഡിനേറ്റര്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാന മിഷന്റെ നിര്‍ദേശപ്രകാരം യൂത്ത്‌ലീഗിന്റെ പരാതിയും ജില്ലാ കോഡിനേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഓഫിസിലെ കൃത്യവിലോപം തടസപ്പെടുത്തിയ പരാതിയില്‍ കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരേ അന്വേഷണം തുടങ്ങിയതായി പൊലിസ് പറഞ്ഞു. അതേസമയം, വിവാദ ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ ആര്‍ക്കെതിരേയും ഇതുവരെ നടപടിയായിട്ടില്ല. ജീവനക്കാരെ സംരക്ഷിക്കുന്ന വിധത്തിലായിരുന്നു വിഷയത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ സി.കെ ഹേമലത സംസ്ഥാന കുടുംബശ്രീ മിഷന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."