വര്‍ഗീയ ധ്രുവീകരണത്തിന് ഊര്‍ജ്ജിത ശ്രമം നടക്കുന്നുവെന്ന് കോടിയേരി; പൗരത്വ നിയമത്തിനെതിരായ സംയുക്ത സമരം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സി.പി.എം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഒരുങ്ങി സി.പി.എം. പൗരത്വ നിയമത്തിനെതിരായ സംയുക്ത സമരം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് സി.പി.എം തീരുമാനം. മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തവരെ താഴേത്തട്ടിലെ തുടര്‍സമരത്തിലും പങ്കെടുപ്പിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. മുസ്‌ലിം വിരുദ്ധതയാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്.
ആര്‍.എസ്.എസ് സംഘപരിവാര്‍ അജണ്ട ഒരു വശത്ത് നടക്കുമ്പോള്‍ ഇസ്‌ലാം മതവിഭാഗത്തിനിടക്കും മതമൗലിക വാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍.എസ്.എസ് ഒരു വശത്തും മതമൗലിക വാദികള്‍ മറുവശത്തും നിന്ന് നടത്തുന്ന ധ്രൂവീകരണത്തിനെതിരെ ശക്തമായ എതിര്‍പ്രചരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും ഇത്തരം മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളാണ്.
ബജറ്റിലെ ക്ഷേമപദ്ധതിനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സി.പി.എം പങ്കാളിയാകും. വിശപ്പുരഹിതകേരളം പദ്ധതി ഏറ്റെടുക്കും. ഓണത്തിനുമുന്‍പ് 1000 ഹോട്ടലുകള്‍ തുറക്കും. വയോക്ലബുകള്‍ തുടങ്ങാനും ശുചിത്വപരിപാടിയിലും ഇടപെടും. ഒരുകോടി വൃക്ഷത്തൈകള്‍ നടുമെന്ന പ്രഖ്യാപനം വിജയിപ്പിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."