പ്രളയദുരിതം മറക്കാന്‍ സര്‍ക്കാര്‍ ശബരിമല മറയാക്കി: മുല്ലപ്പള്ളി രാമചന്ദ്രന്
മഞ്ചേരി: സംസ്ഥാനത്തെ മഹാദുരന്തമായ പ്രളയത്തിന് ഇരകളായവരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിലെ ജനരോഷം മറക്കാന്‍ ശബരിമല പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു സി.പി.എമ്മെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മഞ്ചേരിയില്‍ കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാപ്രളയത്തില്‍ ജീവിതം തകര്‍ന്നവരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിലും സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍നിന്നു കരകയറ്റുന്നതിലും ഗുരുതരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതില്‍ സര്‍ക്കാരിനെതിരേ ജനവികാരം ശക്തമായിരുന്നു. ജനരോഷം മറച്ചുപിടിക്കാന്‍ ശബരിമല സ്ത്രീപ്രവേശന വിഷയം ഇടതുമുന്നണി രാഷ്ട്രീയ ആയുധമാക്കി. ശബരിമല പ്രശ്നം ഉയര്‍ത്തി നവോത്ഥാന വക്താക്കളാകാനാണ് സി.പി.എം നീക്കം. കേരളത്തില്‍ നവോത്ഥാന പാരമ്പര്യം അവകാശപ്പെടാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന വസ്തുത ജനങ്ങള്‍ അംഗീകരിക്കുമ്പോഴാണിതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിനിധി സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. എ.ഐ.സി.സി അംഗം പ്രൊഫ. ഹരിപ്രിയ, ഇ. മുഹമ്മദ്കുഞ്ഞി, വി.എ കരീം, ആര്യാടന് ഷൗക്കത്ത്, കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. രാജന് കുരിക്കള്‍, ഒ.കെ.എസ് മേനോന്, ഡി. അരവിന്ദാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."