ടിപ്പര്‍ ലോറികളുടെ മത്സരയോട്ടം; നാട്ടുകാര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു
പുളിക്കല്‍ യൂത്ത് അലൈവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും ഒപ്പുശേഖരവും നടത്തി
കൊണ്ടോട്ടി: പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡില്‍ നിയമംലംഘിച്ച് ഓടിയ ടിപ്പര്‍ ലോറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ഒന്‍പതോടെ കരിങ്കല്ലുമായി ചീറിപ്പാഞ്ഞെത്തിയ ലോറി നാട്ടുകാര്‍ തടയുകയായിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ അഞ്ചു വരെയും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുണ്ട്.
എന്നാല്‍ നിയമം വകവെക്കാതെ അപകടം വരുത്തി ടിപ്പര്‍ ലോറികള്‍ റോഡ് കൈയടക്കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ടിപ്പര്‍ ലോറി തടഞ്ഞതോടെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി.നാട്ടുകാരില്‍ ഒരാള്‍ക്ക് വാഹനം തട്ടിയതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടയില്‍ പൊലിസെത്തി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു. ചെറുതും വലുതുമായി ലോറികളുടെ മത്സരയോട്ടമാണ് ആന്തിയൂര്‍കുന്ന് റോഡിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ നിരവധി തവണ പരാതി നല്‍കിയിട്ടും ലോറികളുടെ അപകടം വരുത്തിയുള്ള മത്സരയോട്ടത്തിന് പരിഹാരമായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ടിപ്പര്‍ ലോറികളുടെ നിയമം തെറ്റിച്ചുള്ള സഞ്ചാരത്തിനെതിരേ പുളിക്കല്‍ യൂത്ത് അലൈവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കല്‍ അങ്ങാടിയില്‍ പ്രതിഷേധ സംഗമവും ഒപ്പുശേഖരവും നടത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍,കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."