മുസ്ലിംകളെ മാറ്റിനിർത്തുന്ന പൗരത്വ നിയമം മനുഷ്യത്വ വിരുദ്ധം: അനിൽ പനച്ചൂരാൻ
ജിദ്ദ: മുസ്ലിംകളെ മാറ്റിനിർത്തുന്ന പൗരത്വ നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ. കുടിയിറക്കലുകളെല്ലാം പ്രശ്നമാണ്. നമ്മൾ നിൽക്കുന്ന മണ്ണ് നഷ്ടപ്പെടാൻ ആരാണിഷ്ടപ്പെടുക. മുസ്ലിംകൾക്ക് ഒന്നും വരില്ല, ഒരു പ്രശ്നവുമുണ്ടാവില്ല എന്നാണ് ബി.ജെ.പിക്കാരും സർക്കാരും പറയുന്നത്. എന്നാൽ തങ്ങൾ നിൽക്കുന്ന മണ്ണ് നഷ്ടപ്പെടാൻ പോവുകയാണ് എന്ന് ഒരു കൂട്ടർക്ക് തോന്നലുണ്ടാവുകയാണെങ്കിൽ അത് പ്രശ്നം തന്നെയാണ്.
മണ്ണ് നഷ്ടപ്പെടില്ലായിരിക്കാം. എന്നാൽ അങ്ങനെയൊരു തോന്നലിൽ ഒരു സമൂഹം വേദനിച്ച് കഴിയേണ്ടിവരുന്ന സാഹചര്യം ഒട്ടും ഭൂഷണമല്ല. ആ ഭയമാണ് ആദ്യം ഇല്ലാതാക്കേണ്ടത്. മതപരമായ വേർതിരിവ് ഒട്ടും ശരിയല്ല. മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേർതിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നവോദയ സാംസ്കാരിക വേദിയുടെ ‘ദശോത്സവം സീസൺ രണ്ടി’ൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യാക്കാർക്ക് പൗരത്വബോധം എന്നൊന്നുണ്ടോ എന്ന് ചോദിച്ചുപോകുന്നത്ര വിഭാഗീയമാണ് സ്ഥിതി. ഹിന്ദു, മുസ്ലിം, കൃസ്ത്യൻ, സിഖ് അല്ലെങ്കിൽ മദ്രാസി, ബംഗാളി, മലയാളി, മറാത്തി എന്നിങ്ങനെ സ്വയം വിഭജിക്കപ്പെട്ട് കഴിയുകയാണ് ഓരോ പൗരനും.
അതിലപ്പുറം താൻ ഇന്ത്യാക്കാരൻ എന്നൊരു ബോധമുണ്ടാവുന്നുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കിൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശികതയുടെയും പേരിൽ അപരന്റെ പൗരത്വത്തെ സംശയിക്കാനോ ചോദ്യം ചെയ്യാനോ മുതിരില്ല. എല്ലാ വിഭാഗീയതകളും ഇല്ലാതാകാൻ എല്ലാവരും ഒരേതരം പൗരനാണെന്ന ബോധം മനസിൽ ഉറച്ചുകിട്ടിയാൽ മതി. കമ്യൂണിസത്തിന് ഒന്നും പറ്റിയിട്ടില്ല. പറ്റുകയുമില്ല. അടിസ്ഥാനവർഗങ്ങൾ ഉള്ളിടത്തോളം അത് നിലനിൽക്കുക തന്നെ ചെയ്യും. കാരണം അത് വിമോചന പ്രത്യയശാസ്ത്രമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുദ്രാവാക്യം നഷ്ടപ്പെട്ട് കോൺഗ്രസ് നിൽക്കുമ്പോൾ മുദ്രാവാക്യമുയർത്തി രംഗത്ത് വന്നത് കമ്യൂണിസമാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്ത് കമ്യൂണിസ്റ്റ് നേതാവായി എ.ജെ.ജി ഇരുന്നത്. 70 വർഷത്തിനിപ്പുറം ഇന്ത്യയ്ക്കുണ്ടായ മാറ്റം എന്താണെന്ന് ചോദിച്ചാൽ മുദ്രാവാക്യമുള്ളവർ പണ്ട് ഇരുന്ന പ്രതിപക്ഷ കസേരയിൽ ഇന്ന് മുദ്രാവാക്യമില്ലാത്ത കോൺഗ്രസ് ഇരിക്കുന്നു എന്ന് ഉത്തരം പറയാം. പ്രതിപക്ഷത്തെ കേൾക്കുന്ന ഒരു ഭരണപക്ഷമുണ്ടെങ്കിലേ ജനാധിപത്യം ശരിയായ ദിശയിൽ പോകൂ. അതുകൊണ്ടാണ് നെഹ്റു എ.കെ.ജിയെ ബഹുമാനിച്ചത്. എന്നാൽ ഇന്ന് പ്രതിപക്ഷത്തെ അവഗണിക്കുന്ന ഭരണപക്ഷമാണുള്ളത്. സ്വേഛാധിപത്യത്തിലേക്കുള്ള ലക്ഷണമാണത്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."