ബി.ജെ.പി പ്രസിഡന്റായ ശേഷമുള്ള കെ. സുരേന്ദ്രന്റെ ആദ്യ കള്ളം പൊളിഞ്ഞു; യൂത്ത് ലീഗ് സമരം നടക്കുന്നത് പോര്‍ട്ടിന്റെ സ്ഥലത്ത്, ദിവസം 8000 രൂപ വാടകയും നല്‍കുന്നു, പൊലിസ് അനുമതിയുമുണ്ട്
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ആദ്യ സ്വീകരണ സമ്മേളനത്തില്‍ വാസ്തവവിരുദ്ധമായ ആരോപണമുന്നയിച്ച് കെ. സുരേന്ദ്രന്‍. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് യൂത്ത് ലീഗ് കടപ്പുറത്ത് സമര പരിപാടി നടത്തുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ തുറമുഖ വകുപ്പിന്റെ സ്ഥലത്താണ് യൂത്ത് ലീഗിന്റെ പ്രതിഷേധ പരിപാടി നടക്കുന്നത്. ദിവസം 8000 രൂപ വാടക നല്‍കുന്നുണ്ടെന്നും ഫെബ്രുവരി 25 വരെ മുന്‍കൂട്ടി അനുമതി വാങ്ങിച്ചതാണെന്നും യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വ്യക്തമാക്കി. ആവശ്യമായ പൊലിസ് അനുമതിയും വാങ്ങിയിട്ടുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു.
ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോഴിക്കോട്ടെത്തിയപ്പോള്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നതിനെതിരെയാണ് സുരേന്ദ്രന്റെ പ്രസ്താവന. സമരക്കാരെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും ആക്ഷേപിച്ചായിരുന്നു പ്രസ്താവന.
ഇവിടെ കടപ്പുറത്ത് തീവ്രവാദികള്‍ കുറച്ചു ദിവസമായിട്ട് ശഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഈ കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ അതിന് ഒരു പെര്‍മിഷനുമില്ല. കടപ്പുറത്ത് സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും ഒരു അനുമതിയുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കോഴിക്കോട്ടെ കോര്‍പ്പറേഷനോ ഇവിടുത്തെ പൊലിസുകാരോ അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കേണ്ട മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ? മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."