വാമനപുരം നദിയില്‍ ജലനിരപ്പ് താഴുന്നു: കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്
ആറ്റിങ്ങല്‍: വാമനപുരം നദിയില്‍ ജലനിരപ്പ് ആശങ്കമാം വിധം താഴുന്നു. ചിറയിന്‍കീഴ്, വര്‍ക്കല താലുക്കുകളിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്. പ്രശ്‌നം തരണം ചെയ്യാന്‍ സ്ഥിരമായി നിര്‍മിച്ച തടയണയ്ക്ക് താല്‍ക്കാലികമായി ഉയരം കൂട്ടി ജലസംഭരണ ശേഷി ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി.
എന്നാല്‍ ഇത് എത്ര കണ്ട് വിജയിക്കുമെന്ന സംശയത്തിലാണ് അധികൃതര്‍. ആറ്റിങ്ങല്‍ നഗരസഭ, മുദാക്കല്‍, കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, വര്‍ക്കല നഗരസഭ, സമീപ പഞ്ചായത്തുകള്‍, തീരദേശ പഞ്ചായത്തുകളായ ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, അഴൂര്‍, കടയ്ക്കാവൂര്‍, വക്കം, കിഴുവിലം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പദ്ധതികളാണ് വാമനപുരം നദി കേന്ദ്രീകരിച്ച് ആറ്റിങ്ങലിലുള്ളത്. ഇതില്‍ ആറ്റിങ്ങലില്‍ മാത്രം 56 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശേഖരിച്ച് വിതരണം ചെയ്യുന്നത്.
വര്‍ക്കലയില്‍ 19 ദശലക്ഷവും, കിളിമാനൂരിലേക്ക് 11, കട്ടപ്പറമ്പ് 2 ദശലക്ഷം ലിറ്ററും വെള്ളമാണ് നല്‍കുന്നത്. ആറ്റിങ്ങല്‍ മേഖലയില്‍ 45000 വും, വര്‍ക്കലയില്‍ 26000വും ഗാര്‍ഹിക കണക്ഷനുകളുണ്ട്. ഇതിന് പുറമെ പൊതു ടാപ്പുകളുമുണ്ട്. ഇതിലേക്കെല്ലാം വെള്ളം നല്‍കുന്നത് വാമനപുരം നദിയില്‍ നിന്നാണ്. നേരത്തെ ഉണ്ടായ വേനലില്‍ വാമനപുരം നദിയില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരുന്നത് മൂലം കുടിവെള്ള വിതരണം പലപ്പോഴും നിര്‍ത്തിയിരുന്നു. സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനോടകം തന്നെ അന്‍പത് സെന്റീമീറ്റര്‍ വെള്ളം താഴ്ന്നതയാണ് ജല അതോറിറ്റിയുടെ കണക്ക്. വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഉപ്പുവെള്ളം നദിയില്‍ കയറാതിരിക്കുന്നതിനും ജല സംഭരണത്തിനുമായി പൂവമ്പാറയില്‍ സ്ഥിരമായി തടയണ നിര്‍മിച്ചു. എന്നാല്‍ ഇത് കൊണ്ട് കഴിഞ്ഞ ദിവസം പമ്പുകളിലേക്ക് വെള്ളം സംഭരിക്കാനായില്ല. ഇതേ തുടര്‍ന്ന് ഒരു മീറ്റര്‍ ഉയരമുള്ള തടയണയില്‍ 70 മീറ്റര്‍ കൂടി അധികമായി ഉയര്‍ത്തി താല്‍ക്കാലികമായി തടയണ നിര്‍മിച്ചാണ് പ്രതിസന്ധി നീക്കിയത്.
ഇതിന് മൂന്ന് ലക്ഷത്തോളം രൂപ ചെലവായി. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ പുതിയതായി മൂന്ന് തടയണ കൂടി നിര്‍മിക്കാന്‍ ജല അതോറിറ്റി ആലോചന തുടങ്ങിയിട്ടുണ്ട്. ഇതിനായി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ ആറ്റിങ്ങലിലേക്കും വര്‍ക്കലയിലേക്കുമായി പുതിയ രണ്ട് പദ്ധതികള്‍ തയ്യാറാകുന്നുണ്ട്. നദിയില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഇത് എങ്ങനെ സാധ്യമാകുമെന്ന് അറിയില്ല. അടുത്തു തന്നെ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ കുടിവെള്ള വിതരണം നിര്‍ത്തേണ്ടി വരുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജല ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും അടിയന്തിര നീക്കമുണ്ട്. വാമനപുരം നദിയില്‍ വിതുര ഭാഗത്ത് പുതിയ ഡാം നിര്‍മിക്കുന്നതിന് മുന്‍പ് ആലോചന നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് നടന്നില്ല. നദിയില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ പുതിയ ഡാം പണിയാന്‍ വീണ്ടും ആലോചന തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് നിര്‍മിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."