പേപ്പാറ അണക്കെട്ടിലെ മണല്‍ വാരാന്‍ കേന്ദ്ര സഹായത്തോടെ പദ്ധതി
ബോബന്‍ സുനില്‍
പേപ്പാറ: പേപ്പാറ അണക്കെട്ടിലെ മണല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വാരുന്നതിനുള്ള പദ്ധതി തയാറാകുന്നു. ഡാം സേഫ്ടി അധിക്യതരും വനം വകുപ്പും ജലവിഭവ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിക്ക് കേന്ദ്ര ഫണ്ടാണ് ലഭ്യമാക്കുന്നത്.
അഗസ്ത്യമുടിയും ചെമ്മുഞ്ചി മലക്കാടും ഇണചേരുന്ന വന താഴ് വാരത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ജില്ലയിലെ രണ്ടാമത്തെ വന്യജീവി സങ്കേതം കൂടിയായ പേപ്പാറയിലെ അണക്കെട്ടില്‍ ആഴ്ന്ന് കിടക്കുന്നത് കോടികളുടെ മണലാണ്. ഡാമിലെ 75 ശതമാനം ഭാഗത്തും വന്‍ തോതില്‍ മണല്‍ അടിഞ്ഞു കിടക്കുന്നതായാണ് കണക്കാക്കുന്നത്.
1983 ലാണ് പേപ്പാറയില്‍ അണക്കെട്ട് നിര്‍മിച്ചത്. സ്വാഭാവികമായല്ലാതെ 1993ല്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ തോതില്‍ ഡാമിലേക്ക് മണല്‍ ഒഴുകിയെത്തി. ഇതിലൂടെ വന്‍ മണല്‍ ശേഖരമാണ് ഡാമില്‍ ഉള്ളതെന്നു പറയപ്പെടുന്നു. ഡാം സേഫ്ടി അധിക്യതര്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം ഭാഗത്തും മണല്‍ ശേഖരമുണ്ടെന്നാണ് കണ്ടെത്തിയത്. 2002 ല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും ഇവിടെ പഠനം നടത്തി. സംഭരണിയിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് അവര്‍ പഠനം നടത്തിയത്. 100 മില്യണ്‍ ക്യുബിക് മീറ്റര്‍ മണല്‍ ഡാമില്‍ ഉണ്ടെന്നും ഇതിലൂടെ ഡാമിന്റെ 31.5 ശതമാനം സംഭരണശേഷി നഷ്ടപ്പെട്ടതായും അവര്‍ കണ്ടെത്തി. ഇങ്ങനെ നഷ്ടപ്പെടുന്ന ജലം ലിറ്റിന് ഒരു രൂപ വച്ചു കണക്കാക്കിയാല്‍ 60 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നഷ്ടമാകുന്നതെന്നും പഠനത്തില്‍ പറയുന്നു. തുടര്‍ന്ന് ജലസേചന വകുപ്പ് മണല്‍ എടുക്കാനുള്ള പദ്ധതി തയാറാക്കി. എന്നാല്‍ ജലസേചന വകുപ്പും വനംവകുപ്പും തമ്മിലുള്ള ചേരിപ്പോര് കാരണം പദ്ധതി അകാലചരമമടഞ്ഞു.
മണല്‍ എടുക്കുന്നതിന് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രായത്തിന്റെ അനുമതി വേണമെന്നു പറഞ്ഞാണ് വനം വകുപ്പ് തടസം നിന്നത്. ഈ തടസം ഇല്ലാതായതോടെയാണ് മണല്‍ വാരാനുള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."