പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നിബന്ധനയുമായി നാഷനല്‍ കോണ്‍ഫറന്‍സ്
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്‍ നിലപാട് തിരുത്തി നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുണ്ട്.
അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്നു വ്യക്തമാക്കിയ പാര്‍ട്ടി, എന്നാല്‍ തടസങ്ങളില്ലാത്ത വിധം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു സൗകര്യമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് അഞ്ചു മുതല്‍ എട്ടു ഘട്ടങ്ങളായാണ് ജമ്മു കശ്മിര്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് നടക്കുന്നത്. 12,500 സീറ്റുകളിലേക്കാണ് മത്സരം. ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു നേരത്തെ നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം ജമ്മുകശ്മിര്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കയച്ച കത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി രത്തന്‍ ലാല്‍ ഗുപ്ത പാര്‍ട്ടി തെരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നു വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഈ കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍ തുടങ്ങിയവര്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് വീട്ടുതടങ്കലില്‍ തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ പാര്‍ട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നു തെരഞ്ഞെടുപ്പ് കമ്മിഷനോട് ആരാഞ്ഞ പാര്‍ട്ടി സെക്രട്ടറി, ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
മാര്‍ച്ച് അഞ്ച്, ഏഴ്, ഒന്‍പത്, 12, 14, 16, 18, 20 തിയതികളിലായി എട്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."