പ്രതിഷേധം; ടവര്‍ നിര്‍മാണം നിര്‍ത്തിവച്ചു
അന്തിക്കാട്: മണലൂര്‍ മഞ്ചാടിയില്‍ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മാണം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു.
നിലവിലെ സ്ഥലത്ത് അനുമതി ഇല്ലാതെയാണ് ടവര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മണലൂര്‍ പഞ്ചായത്തിലെ മഞ്ചാടിയില്‍ ഒന്‍പതാം വാര്‍ഡിലാണ് ജനകീയ പ്രതിഷേധത്തില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ നിര്‍മാണം നിര്‍ത്തിവച്ചത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് കമ്പനി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ടവര്‍ നിര്‍മാണം ആരംഭിച്ചത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ജനകീയ ഇടപെടലില്‍ കമ്പനി പണികള്‍ നിര്‍ത്തിവച്ചു. വീടുകള്‍ക്ക് മീറ്ററുകള്‍ വ്യതാസത്തിലാണ് ടവര്‍ നിര്‍മിക്കാനുള്ള ശ്രമം.
15ന് കമ്പനി ടവര്‍ നിര്മാണത്തിനെത്തിയപ്പോള് വാര്‍ഡ് മെംബര്‍ പുഷ്പ വിശ്വംഭരന് രേഖകള്‍ പരിശോധിച്ചിരുന്നതായി പറഞ്ഞു. അനുമതി പത്ര പ്രകാരം ഏഴാം വാര്‍ഡിലാണ് ടവര്‍ നിര്‍മിക്കാന്‍ അനുമതി. എന്നാല്‍, ഈ ഉത്തരവു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒന്‍പതാം വാര്‍ഡില്‍ ടവര്‍ നിര്‍മിക്കാന്‍ ശ്രമമെന്ന് മെംബര്‍ പറഞ്ഞു.
അതേ സമയം ഇപ്പോള്‍ ഒന്‍പതാം വാര്‍ഡായ പ്രദേശം മുന്‍പ് ഏഴാം വാര്ഡായിരുന്നതായും അതു പ്രകാരമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു. സാങ്കേതികമായി വന്ന പിഴവാണ് ഇതെന്നും നിലവിലുള്ള ഒന്‍പതാം വാര്‍ഡില്‍ തന്നെയാണ് അനുമതിയെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."