ഒരടി പിന്നോട്ടില്ല: മോദി
വാരണാസി: കശ്മിരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ നിയമം ഭേദഗതി ചെയ്തതും രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയെന്ന് പ്രധാനമന്ത്രി മോദി. വാരണാസിയില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന ഈ നിയമ നിര്‍മാണങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഈ തീരുമാനങ്ങള്‍ രാജ്യ താല്‍പര്യം മുന്‍ നിര്‍ത്തിയാണ്. ഏതൊക്കെ കോണില്‍ നിന്ന് സമ്മര്‍ദങ്ങളുണ്ടായാലും നമ്മള്‍ ഈ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും,'' അദ്ദേഹം പറഞ്ഞു. ജമ്മു കശ്മിരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദ് ചെയ്തത് കഴിഞ്ഞ ആഗസ്റ്റിലാണ്. പൗരത്വ നിയമം ഭേദഗതി ചെയ്തത് ഡിസംബറിലും.
വാരണാസിയില്‍ 25,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഒന്നെങ്കില്‍ നടപ്പാക്കി കഴിഞ്ഞതായോ അല്ലെങ്കില്‍ പൂര്‍ത്തീകരണ വക്കിലെത്തിയതായോ അറിയിച്ച പ്രധാനമന്ത്രി, പുതുതായി 12,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ കഴിഞ്ഞത് തന്റെ ഗവണ്‍മെന്റിന്റെ പ്രധാന നേട്ടമാണ്. ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുമെന്നും മോദി പറഞ്ഞു. ഈയ്യിടെയാണ് ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്.
ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ്‌യുടെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത മോദി, അദ്ദേത്തിന്റെ പേരിലുള്ള 63 അടി പ്രതിമയും അനാഛാദനം ചെയ്തു. ദലിതുകളുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ ഗവണ്‍മെന്റിന് ഉപാദ്ധ്യായ്‌യുടെ ചിന്തകള്‍ കരുത്താകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനം ഏറ്റവും അവസാനത്തെയാളിലേക്കും എത്തുക എന്നതായിരുന്നു ദീന്‍ദയാല്‍ ഉപാദ്ധ്യായ്‌യുടെ കാഴ്ചപ്പാട്.
അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക പുരോഗതി നേടിയെടുക്കുന്നതില്‍ പൈത്യക ടൂറിസത്തിന് വലിയ പങ്കാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ വാരണാസി, ഉജ്ജയ്ന്‍, ഓംകരേശ്വര്‍ എന്നിവിടങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള മുഴുസമയ രാത്രി ട്രൈനും മോദി ഉദ്ഘാടനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."