ഹൈലെവല്‍ കനാല്‍ രണ്ടാംഘട്ടത്തിന് 22 കോടിയുടെ ഭരണാനുമതി
തൃശൂര്‍: ചാഴൂര്‍ കുഞ്ഞാലുക്കല്‍ മുതല്‍ ചാവക്കാട് താലൂക്കിലെ മുല്ലശേരി കനാല്‍ വരെയുള്ള ഹൈലെവല്‍ കനാലിന്റെ നിര്‍മാണത്തിനായി 22 കോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. കെ.എല്‍.ഡി.സി.ക്കാണ് നിര്‍മാണ ചുമതല.കൃഷി വകുപ്പിന്റെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് 22-ാം പദ്ധതി പ്രകാരമാണ് പണമനുവദിച്ചത്. അന്തിക്കാട് പടവ്, മണലൂര്‍താഴം, വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, ഏലമൊത, മണലിപ്പുഴ, കണ്ണോത്ത് തുടങ്ങിയ പാടശേഖരങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ചാഴൂര്‍ മുതല്‍ ഏനാമ്മാവ് വരെയും മുല്ലശേരി മുതല്‍ ഏനാമ്മാവ് വരെയുമുള്ള എട്ടുകിലോമീറ്റര്‍ ദൂരമാണ് പ്രവൃത്തി നടപ്പാക്കുന്നത്.
കനാലുകളുടെയും ബണ്ടുകളുടെയും നിര്‍മാണത്തിന് 12 കോടി 70 ലക്ഷം രൂപയും ബോക്‌സ് കല്‍വെര്‍ട്ടിന് 7 കോടി രൂപയും എഞ്ചിന്റെ തറ നിര്‍മാണത്തിന് 40 ലക്ഷം രൂപയും സ്ലൂയിസിന് 40 ലക്ഷം രൂപയും റാംപ് നിര്‍മാണത്തിന് 45.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഹൈലെവല്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തുക അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയ ഹൈലെവല്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തുലാമഴയുടെ വെള്ളം കോള്‍ നിലത്തിലേക്ക് കയറാതെ കോള്‍നിലങ്ങളിലെ കൃഷിയെ സംരക്ഷിക്കാനാകും.
ഓരോ ഹെക്ടറിലെ ആറു ടണ്‍ നെല്ലുല്‍പാദനം പ്രതീക്ഷിക്കുന്നു. കാര്‍ഷികോപകരണങ്ങള്‍ എത്തിക്കുന്നതിനും നെല്ല് കൊണ്ടുപോകുന്നതിനുമുള്ള യാത്രാസൗകര്യം വര്‍ദിക്കും. ഏകദേശം 800 ഹെക്ടറോളം കൃഷിഭൂമിക്കും 2000 ത്തോളം കൃഷിക്കാര്‍ക്കും ഈ പ്രവൃത്തിയുടെ ഗുണഫലങ്ങള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."