545 വീടുകള്‍ക്ക് കൂടി ഭരണാനുമതി
ഒറ്റപ്പാലം: നഗരസഭയില്‍ ഭവന രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള തീരുമാനത്തിന് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം. പ്രധാനമന്ത്രി ആവസ യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരമാണ് പുതിയ 545 വീടുകള്‍ക്ക് കൂടി ഭരണാനുമതി നല്‍കിയത്. നഗരസഭയില്‍ ആദ്യഘട്ടത്തില്‍ 777 വീടുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. രണ്ടാംഘട്ടമെന്ന നിലക്കാണ് 545 വീടുകള്‍ക്ക് കൂടി ഇന്നലത്തെ നഗരസഭ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. നഗരസഭയിലെ 36 വാര്‍ഡുകളിലുമുള്ള സ്വന്തമായി സ്ഥലമുള്ളവരില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ചില സാങ്കേതിക തകരാറുള്ള 70 അപേക്ഷകള്‍ മാത്രമാണ് നിരസിച്ചത്.
ജീവനക്കാരുടെ അശ്രദ്ധയാണ് ഇവര്‍ പട്ടികയില്‍നിന്ന് പുറത്താവാന്‍ കാരണമെന്നും നഗരസഭ അപേക്ഷകള്‍ നിരസിച്ച സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ് അംഗം പി.എം.എ ജലീല്‍ പറഞ്ഞു. പുതുതായി അനുമതി നല്‍കിയ 545 വീടുകള്‍ക്കായുള്ള 11 കോടിയോളം രൂപയ്ക്കായി ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പ എടുക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ നഗരസഭയും കേന്ദ്ര സംസ്ഥാന വിഹിതമായ രണ്ടു ലക്ഷം രൂപയുംകൂടി നാല് ലക്ഷം രൂപയാണ് ലഭിക്കുക. കണ്ണിയംപുറം, തോട്ടക്കര എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പരാതികള്‍ ഉന്നയിച്ചു.
ജൈവ മാലിന്യ ശേഖരണം നഗരസഭ നിര്‍ത്തിവച്ച ശേഷവും ചില വാര്‍ഡുകളില്‍ മാലിന്യം ശേഖരിക്കുന്നതായി കൗണ്‍സിലര്‍മാര്‍ ആക്ഷേപമുന്നയിച്ചു. നഗരസഭാ ശേഖരണം നിര്‍ത്തിവച്ച തോടെ പൊതുസ്ഥലങ്ങളില്‍ വന്‍ തോതിലാണ് മാലിന്യം തള്ളുന്നതെന്നും ഇത് തടയാന്‍ അടിയന്തിരമായി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. കെല്‍ട്രോണിനെ കാമറ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതാണ്. 32 ലക്ഷം രൂപയാണ് കെല്‍ട്രോണ്‍ തയ്യാറാക്കിയ എസ്റ്റിമേറ്റെന്നും നഗരസഭാ വകയിരുത്തിയത് അഞ്ച് ലക്ഷം മാത്രമാണെന്നും, ടെന്‍ഡര്‍ ഉള്‍പ്പെടെ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."