കരുണ സംഗീതനിശ: സോഷ്യല്‍ മീഡിയയില്‍ ഹൈബി ഈഡന്‍-ആഷിക് അബു പോര്
കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം.പിയും സംവിധായകന്‍ ആഷിക് അബുവും സമൂഹമാധ്യമങ്ങളില്‍ കൊമ്പുകോര്‍ക്കുന്നു. പ്രളയദുരിതാശ്വാസത്തിനെന്നു പ്രചാരണം നല്‍കി 2018ല്‍ കൊച്ചിയില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇതുസംബന്ധിച്ച് ആഷിക് അബു വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു. അതിനു തയാറായില്ലെങ്കില്‍ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും എം.പി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയുമായി ആഷിക് അബു രംഗത്തെത്തി. അതു ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണെന്നും അതു കൊടുത്തുവെന്നും രേഖകള്‍ സഹിതം ചേര്‍ത്ത് ആഷിക് അബു വ്യക്തമാക്കി.
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്ത് അടിസ്ഥാനത്തിലാണ് തട്ടിപ്പെന്നു പറയാനാവുക എന്നും ആഷിക് അബു ചോദിക്കുന്നു.
ഹൈബി ഈഡന്‍ കണ്ടെത്തിയ തട്ടിപ്പ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആഷിക് അബുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
എന്നാല്‍ പോസ്റ്റിനു താഴെ നല്‍കിയ ചെക്കില്‍ 2020 ഫെബ്രുവരി 14 ആണ് തിയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ മാത്രമാണ് അഷിക് അബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ തയാറായതെന്നു പറയപ്പെടുന്നു.
കരുണ സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശ രേഖയിലാണ് പണം ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."