മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത് ഭരണഘടനാ ഉത്തരവാദിത്തം: മന്ത്രി ജി സുധാകരന്‍
കൊപ്പം: പാലക്കാട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളികുളമ്പ് വളപുരം ആന്തൂരക്കടവ് പാലം പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലം നിര്‍മാണത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ലഭിച്ചതെന്നും മുന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി നിലവിലെ സര്‍ക്കാര്‍ വിജയകരമായയി പൂര്‍ത്തിയാക്കുന്നത് ഭരണഘടനാ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പദ്ധതികളില്‍ പാലങ്ങള്‍ക്ക് വലിയ വിഹിതം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ആവശ്യങ്ങള്‍ അറിയാന്‍ സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആന്തൂരകടവില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യാതിഥിയായി.
സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി റിപോര്‍ട്ട് അവതരിപ്പിച്ചു. വിളയൂര്‍ പഞ്ചായത്തിലെ പാലോളികുളമ്പില്‍ നിന്നും പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരത്തേക്ക് തൂതപ്പുഴ കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദ് അലി, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, പഞ്ചായത്ത് പ്രതിനിധികളായ എം.കെ റഫീഖ, കെ. കൃഷ്ണന്‍കുട്ടി, ഉഷ ടീച്ചര്‍, ടി. ബാബു, എ. കെ ഉണ്ണികൃഷ്ണന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ശ്രീലേഖ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."