സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി, എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. എല്ലാ സംസ്ഥാനങ്ങളിലെയും കൈത്തറി ഡയരക്ടര്‍മാര്‍ക്കാണ് ഈമാസം 11ന് കത്തയച്ചത്. നേരത്തെ കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെത്തി യൂനിഫോം പദ്ധതി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.
സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചുവെന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠനറിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്. പദ്ധതി കേരളത്തിലെ കൈത്തറിമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂനിഫോം പദ്ധതി വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയതായി കേരളത്തിലെ 96 ശതമാനം നെയ്ത്തുകാരും പറയുന്നു. കൈത്തറി യൂനിഫോം ധരിക്കുന്നതില്‍ 98 ശതമാനം കുട്ടികളും പൂര്‍ണ തൃപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നു വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള 8.45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസുകളില്‍ പുതുതായി എത്തുന്ന ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് അടുത്ത അധ്യയന വര്‍ഷം യൂനിഫോം തുണി ലഭ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."