പുലിമുട്ട് വില്ലനായി; പുറത്തൂരില്‍ കരയിടിച്ചില്‍ വ്യാപകം
പൊന്നാനി: പൊന്നാനി അഴിമുഖത്ത് പുലിമുട്ട് നിര്‍മിച്ചതിനാല്‍ ദുരിതത്തിലായത് പുറത്തൂര്‍ പള്ളിക്കടവ് നിവാസികളാണ്. പുറത്തൂര്‍ പളളിക്കടവുകാര്‍ക്ക് മഴക്കാലമായാല്‍ പിന്നെ ഉറക്കമില്ല. ഭാരതപ്പുഴയോരത്ത് ആഞ്ഞടിക്കുന്ന ഓളങ്ങളില്‍ വീടും ഭൂമിയും നഷ്ടമാകുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കുടുംബങ്ങള്‍.
അഴിമുഖത്ത് കടലിന് സമാന്തരമായി പുലിമൂട്ട് നിര്‍മിച്ചതാണ് പള്ളിക്കടവ് നിവാസികള്‍ക്ക് പ്രതിസന്ധിയായത്. പുലിമുട്ട് വന്നതോടെ തിരമാലയുടെ ഒഴുക്കിന്റെ ഗതി തന്നെ മാറി. ഇപ്പോള്‍ പള്ളിക്കടവ് പ്രദേശത്തേക്ക് വെള്ളം ശക്തിയായി കയറുകയുമാണ്.
പ്രദേശത്ത് പുഴവെള്ളത്തിന്റെ ശക്തിയെ ചെറുക്കാന്‍ സംരക്ഷണ ഭിത്തിയില്ലാത്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാകാന്‍ കാരണം. ശക്തിയേറിയ തിരമാലകള്‍ പുഴയുടെ ഓളങ്ങള്‍ക്കൊപ്പം കരയിലേക്ക് അടിച്ചു കയറുകയാണ്.
കഴിഞ്ഞ കാലവര്‍ഷത്തിനിടെ അഞ്ചു വീടുകള്‍ പുഴ കവര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഒന്നര കിലോമീറ്റര്‍ വരുന്ന പള്ളിക്കടവ് തീരത്ത് മാത്രം അഞ്ഞറോളം തെങ്ങുകള്‍ കടപുഴകി വീണു. ഏക്കര്‍ കണക്കിന് സ്വകാര്യഭൂമി പുഴയുടെ ഭാഗമായി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തീരത്ത് ശക്തമായ വേലിയേറ്റമാണ്. പല വീടുകളും റോഡും തകര്‍ച്ചാഭീഷണി നേരിടുകയാണ്.
പൊന്നാനി അഴിമുഖത്തെ പുലിമുട്ട് തന്നെയാണ് പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ കടല്‍ക്ഷോഭം ശക്തമാകാന്‍ കാരണമെന്ന് ജിയോളജി വകുപ്പ് പറയുന്നു. പുറത്തൂരില്‍ പുഴയിലെ ഓളങ്ങളാണ് തീരത്തേക്ക് ആഞ്ഞടിക്കുന്നതെങ്കില്‍ പൊന്നാനി തീരത്ത് കടല്‍തന്നെയാണ് കലിതുള്ളി കരയിലേക്ക് കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."