വടകര-മാഹി കനാലിന് 19.93 കോടികൂടി അനുവദിച്ചു
ടി.കെ ജോഷി#
കോഴിക്കോട്: വടക്കേമലബാറിന്റെ സ്വപ്ന പദ്ധതിയില്‍ ഒന്നായ വടകര-മാഹി കനാലിന് 19.93 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അഞ്ചാം റീച്ചില്‍പെടുത്തി നിര്‍ദിഷ്ട ജലപാതയുടെ അവസാന നിര്‍മാണപ്രവൃത്തികള്‍ക്കാണ് 19,93,00,000 രൂപ അനുവദിച്ചിരിക്കുന്നത്. വടകര-മാഹി കനാലിന്റെ അഞ്ചാം റീച്ചില്‍ വരുന്ന 465.050 മുതല്‍ 476.690 കിലോമീറ്റര്‍ വരെയുള്ള കനാല്‍ നിര്‍മാണത്തിന് 14,67,07,753 രൂപയും മറ്റ് പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തിക്കായി 3,00,46,088 രൂപയും ഡ്രൈനേജ് വര്‍ക്കിനും കല്‍വര്‍ട്ടുകള്‍ക്കും 2,20,07,823 രൂപയും മറ്റ് ചെലവുകള്‍ക്കായി 53,8335 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഒപ്പം കനാല്‍ നിര്‍മാണത്തിനുള്ള സാങ്കേതിക അനുമതിയും നല്‍കിയിട്ടുണ്ട്. 2018-19ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കുക.
നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് ജലപാതയിലെ പ്രധാന കണ്ണികളിലൊന്നാണ് വടകര-മാഹി കനാല്‍. മാഹി മുതല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴവരെ കൃത്രിമ കനാല്‍ നിര്‍മിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. വടകര മുതല്‍ വളപട്ടണം വരെ 48 കിലോമീറ്റര്‍ നീളത്തിലാണ് കൃത്രിമ കനാല്‍ നിര്‍മിക്കേണ്ടി വരിക.
വടകര മാങ്ങാംകുഴി മുതല്‍ മാഹിവരെ 17.40 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍ദിഷ്ട വടകര-മാഹി കനാല്‍ നിര്‍മിക്കുന്നത്. മൂന്നര മീറ്റര്‍ ആഴത്തിലുള്ള കനാലിലൂടെ ബോട്ട് സര്‍വിസ് ഉള്‍പ്പെടെയുള്ള ജലപാതയാണ് ലക്ഷ്യം. പയ്യോളി മുതല്‍ മൂരാട് പുഴയിലുടെ മാങ്ങാംമുഴി വരെ ഗതാഗതയോഗ്യമായ കനാലുണ്ട്.
മാങ്ങാംമുഴി-കന്നിനടവരെയുള്ള ഒന്നാം റീച്ച് നബാര്‍ഡ് അനുവദിച്ച ഇരുപത്തിരണ്ട് കോടി രൂപ ചെലവിലാണ് കനാല്‍ നവീകരിച്ചത്. കന്നിനട മുതല്‍ കല്ലേരിവരെയുള്ള രണ്ട്, മൂന്ന്, നാല് റീച്ചുകള്‍ക്ക് അന്‍പത്തിയഞ്ച് കോടി രൂപയാണ് അനുവദിച്ചത്. കളിയാംവെള്ളി പാലം മുതല്‍ മാഹിപ്പുഴവരെയുള്ള ഭാഗം ചതുപ്പ് നിലമായതിനാല്‍ ഇരുവശത്തും കരിങ്കല്‍ ഭിത്തി നിര്‍മിച്ചാണ് കനാല്‍ പണിയുന്നത്. ഈ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
1965 ലാണ് വടകര-മാഹി കനാല്‍ പ്രവൃത്തി ആരംഭിച്ചത്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള ജലപാതക്ക് മലബാറില്‍ തടസം നിന്നിരുന്നത് വടകര-മാഹി കനാലും മാഹി മുതല്‍ വളപട്ടണം വരെയുള്ള ഭാഗങ്ങളുമായിരുന്നു. ഇതില്‍ വടകര-മാഹി കനാല്‍ നിര്‍മാണം 2013ല്‍ തുടക്കം കുറിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചു. മാഹി മുതല്‍ വളപട്ടണം വരെയുള്ള 26 കിലോമീറ്റര്‍ ജലപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ ബജറ്റില്‍ കിഫ്ബിയില്‍ പെടുത്തി 650 കോടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വടകര-മാഹി കനാലിന്റെ അവസാന പ്രവൃത്തികള്‍ക്കായി തുക അനുവദിച്ചതോടെ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."