കളിപ്പാട്ടങ്ങളല്ല, ലിയാന് പ്രിയപ്പെട്ടത് ഫുട്‌ബോള്‍
മട്ടാഞ്ചേരി: പാവയും മറ്റു കളിപ്പാട്ടങ്ങളുമായി ചങ്ങാത്തം കൂടേണ്ട സമയത്തു ലിയാനെ ഹരം പിടിപ്പിക്കുന്നത് ഫുട്‌ബോളാണു. കുരുന്നിലെ തന്നെ കാല്‍പന്ത് കളിയോടുള്ള അഭിനിവേശമാണു മൂന്ന് വയസുകാരി ലിയാനെ ശ്രദ്ധേയമാക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയില്‍ ഫുട്‌ബോള്‍ പരിശീലിക്കുന്ന ഈ കുരുന്ന് ഇവിടെ എത്തുന്നവര്‍ക്കു ഒരു വിസ്മയ കാഴ്ചയാണിപ്പോള്‍. ഈ പ്രായത്തില്‍ തന്നെ കാല്‍പന്തു കളിയുടെ ഓരോ അടവുകളും സ്വായത്തമാക്കുകയാണ് കൊച്ചു മിടുക്കി.
തോപ്പുംപടി കോന്നുള്ളി വീട്ടില്‍ ലിബി- ലൗലി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണു ലിയാന്‍. സഹോദരന്‍ എട്ടു വയസുകാരന്‍ ടോബിത്തിനും ഫുട്‌ബോള്‍ കളി ഹരമാണ്. വീട്ടില്‍ സഹോദരന്റെ ഫുട്‌ബോള്‍ ഏതു സമയവും തട്ടി കളിക്കുന്ന ലിയാന്‍ ടിവിയില്‍ ഫുട്‌ബോള്‍ മത്സരം കാണുമ്പോഴും ആവേശത്തില്‍ തുള്ളിച്ചാടുമായിരുന്നു. ഫുട്‌ബോള്‍ കളി കാണുമ്പോള്‍ കുട്ടിയില്‍ ഉണ്ടാകുന്ന ഭാവ മാറ്റങ്ങള്‍ പ്രമുഖ പരിശീലകനായ റൂഫസ് ഡിസൂസയുമായി പിതാവ് പങ്കുവച്ചു. റൂഫസ് ഡിസൂസയാണ് ലിയാനെ പരിശീലനത്തിനായി കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത്. ലിയാന്റെ പ്രകടനം കണ്ട റൂഫസ് കുട്ടിയില്‍ നല്ല ഭാവിയുണ്ടെന്നു പറയുകയായിരുന്നു. പിന്നീട് ലിയാന്‍ എല്ലാ ദിവസവും ഇവിടെ പരിശീലനം തുടങ്ങി.
അസാമാന്യമായ രീതിയില്‍ ശാരീരിക നിയന്ത്രണമുള്ള ലിയാന് രണ്ടു കാലുകളിലും ഫുട്‌ബോള്‍ അനായാസം വഴങ്ങുന്നു. ബാക്ക് പാസിലും മറ്റും മികച്ച പ്രകടനമാണ് ലിയാന്‍ കാഴ്ചവയ്ക്കുന്നതെന്നാണു റൂഫസ് ഡിസൂസ പറയുന്നത്. ഭാവിയില്‍ നല്ലൊരു കായിക താരമായി വളരുന്നതിനുള്ള എല്ലാ സാധ്യതകളും ലിയാനിലുണ്ടെന്ന് പരിശീലകനായ റൂഫസ് ഡിസൂസ പറയുന്നു.നിരവധി കുട്ടികളാണ് റൂഫസിനു കീഴില്‍ ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയില്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി ലിയാന്‍ പരിശീലനം തുടങ്ങിയിട്ട്. സാധാരണ പെണ്‍കുട്ടികള്‍ ചെറു പ്രായത്തില്‍ ഫുട്‌ബോളിനോടു വലിയ താത്പര്യം കാണിക്കാറില്ല. തോപ്പുംപടിയിലെ സണ്‍ഡേല്‍ പ്ലേ സ്‌ക്കൂളിലാണു ലിയാന്‍ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."