ഉദ്യോഗസ്ഥ പ്രഭുത്വത്തിനു മുമ്പില്‍ മുട്ടുമടക്കുന്ന ഇടതു സര്‍ക്കാര്‍
പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കാനായി സര്‍ക്കാര്‍ വകുപ്പുകളോട് ചെലവു ചുരുക്കാനും സാധാരണക്കാരോട് മുണ്ടു മുറുക്കിയുടുക്കാനും അഭ്യര്‍ഥിച്ച ഇടതു സര്‍ക്കാര്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കു മതിവരുവോളം വാരിക്കോരിക്കൊടുക്കുന്നത് വിരോധാഭാസം തന്നെ. രണ്ടു ദിവസം മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. കടുംവെട്ട് എന്നാക്ഷേപിക്കപ്പെട്ട യു.ഡി.എഫ് സര്‍ക്കാരിന്റെ വനംഭൂമി പതിച്ചു നല്‍കല്‍ നടപടി റദ്ദാക്കിയ ഇടതു സര്‍ക്കാര്‍ അതേ നടപടി പുനരാരംഭിക്കാന്‍ അണിയറയില്‍ ശ്രമം തുടങ്ങിയതിനു പുറമെയാണ് ഉന്നതോദ്യോഗസ്ഥരെ സുഖിപ്പിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഉണ്ടാകരുതെന്ന് ജനം പ്രതീക്ഷിക്കുന്ന നടപടികള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി എന്ന പേരു തന്നെ അനര്‍ഥമായിത്തീരുകയാണ്.
ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരേ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. പട്ടിയുടെ കഴുത്തില്‍ ഐ.എ.എസ് മുദ്രണം ചെയ്ത സ്റ്റിക്കര്‍ തൂക്കിയിട്ടതുപോലെയെന്നു പറഞ്ഞയാളാണ് മന്ത്രി ജി. സുധാകരന്‍. അത്തരം പ്രയോഗങ്ങള്‍ അതിരു കടക്കുന്നതാണ്. എന്നാല്‍ അതേ മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടം ഉന്നതോദ്യോഗസ്ഥര്‍ക്ക് അവരുടെ സമ്മര്‍ദഫലമായി സര്‍ക്കാര്‍ ഖജനാവ് തുറന്നുവയ്ക്കുകയും ചെയ്യുന്നു. വാക്കും പ്രവൃത്തിയും രണ്ടാണെന്ന് ഒരിക്കല്‍കൂടി സര്‍ക്കാര്‍ വ്യക്തമാക്കുകയാണ് ഇതിലൂടെ .
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ യാത്രാ ആനുകൂല്യങ്ങളും സ്വകാര്യ ആവശ്യത്തിനുള്ള ഇന്ധന അലവന്‍സും വീട്ടുജോലിക്കാരുടെ ശമ്പളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ വീടുകളിലെ വൈദ്യുതിനിരക്കും വെള്ളക്കരവും പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2017 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇതു നടപ്പിലാക്കുന്നത്. താമസിക്കാന്‍ വീടും സഞ്ചരിക്കാന്‍ കാറും നല്‍കുന്നതിനു പുറമെ ഓരോരുത്തര്‍ക്കും മൂന്നു ഹോം ഗാര്‍ഡുമാരെയും രണ്ടു പൊലിസുകാരെയും വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതിമാസം 21,000 രൂപ ശമ്പളം വാങ്ങുന്ന ഹോം ഗാര്‍ഡുകളെ ഉന്നതോദ്യോഗസ്ഥര്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ ഒരാള്‍ക്കു മൂന്നു പേര്‍ എന്ന തോതില്‍ സംസ്ഥാനത്തെ 151 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് 11 കോടി രൂപയാണ്. 30,000 രൂപ ശമ്പളം വാങ്ങുന്ന രണ്ടു പൊലിസുകാരെ നല്‍കുമ്പോള്‍ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് 10 കോടിയും. സംസ്ഥാനത്തൊട്ടാകെ 105 ഐ.പി.എസ് ഉദ്യോഗസ്ഥരാണുള്ളത്. ഇവര്‍ക്ക് കീഴില്‍ ഹോം ഗാര്‍ഡുകളും പൊലിസും സേവനം ചെയ്യുന്നതിനു നല്‍കേണ്ടി വരുന്നത് 15 കോടിയാണ്. ഇപ്പോള്‍ തന്നെ മിക്ക ഐ.പി.എസ് ഓഫിസര്‍മാരും അനധികൃതമായി രണ്ടു പൊലിസുകാരെ വീതം ഒപ്പം കൂട്ടിയിട്ടുണ്ട്. കാട്ടില്‍ ജോലിചെയ്യാത്ത ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ വരെ സുരക്ഷയുടെ പേരില്‍ വനം ഗാര്‍ഡുകളെ ഓഫിസിലും വീടുകളിലുമായി നിര്‍ത്തിയിട്ടുണ്ട്.
പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിനു പണം കണ്ടെത്താന്‍ ക്ലാസ് ഫോര്‍ അടക്കം താഴേക്കിടയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവിഹിതം തട്ടിപ്പറിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീക്കം കേരളം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വിവിധ വകുപ്പുകള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച തുകയില്‍നിന്ന് 20 ശതമാനം പ്രളയാനന്തര പുനര്‍നിര്‍മിതിക്കായി വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥര്‍ക്കു കൈനിറയെ കൊടുത്തിരിക്കുകയാണ്.
പ്രളയത്തില്‍ ഭൂമിയും വീടുകളും നഷ്ടപ്പെട്ട നിരവധി പേര്‍ ഇപ്പോഴും അന്യരുടെ കോലായകളിലാണ് അന്തിയുറങ്ങുന്നത്. വീടുകള്‍ക്ക് 50 ശതമാനത്തിലേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് 10,000 രൂപ മാത്രമാണ് നല്‍കുന്നത്. അതും ലഭിക്കാത്തവര്‍ എത്രയോ ഉണ്ട്. ഇതിനിടയിലാണ് ശമ്പള കമ്മിഷന്റെ പേരുപറഞ്ഞ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വകപ്പുകളോട് ചെലവു ചുരുക്കാനും സാധാരണക്കാരോട് മുണ്ടുമുറുക്കിയുടുക്കാനും അഭ്യര്‍ഥിച്ചവരില്‍നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ മാത്രമേ ഉതകൂ.
സാധാരണക്കാരെ അലട്ടിക്കൊണ്ടിരിക്കുന്ന ആലപ്പാട് പോലുള്ള ജീവല്‍ പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാര്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുകയും ഉദ്യോഗസ്ഥ പ്രഭുക്കളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാരില്‍നിന്ന് സാധാരണക്കാരന് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
പൊലിസ് ഡ്രൈവറായ ഗവാസ്‌കറെ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ ക്രൂരമായി മര്‍ദിച്ചപ്പോള്‍ നടപടി ഉണ്ടാകുമെന്നും പൊലിസുകാരെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വേലയ്ക്കു നിര്‍ത്തുന്നത് അവസാനിപ്പിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണിപ്പോള്‍ ഹോം ഗാര്‍ഡുകളെയും പൊലിസുകാരെയും ഓഫിസര്‍മാരുടെ വീടുകളിലേക്കും ഓഫിസുകളിലേക്കും സഹായികളായി നിയോഗിക്കുന്നത്. അടിമപ്പണി ചെയ്യിക്കുന്നു എന്ന പരാതികള്‍ വീണ്ടും പൊലിസ് ഓഫിസര്‍മാരുടെ വീടുകളില്‍നിന്ന് ഉയര്‍ന്നുവരാം. അന്നും പൊലിസ് അസോസിയേഷന്‍ കടമ നിര്‍വഹിക്കാനെന്നവണ്ണം പ്രതിഷേധിച്ചേക്കാം. പൊലിസുകാരന്‍ വീണ്ടും പട്ടിയെ കുളിപ്പിക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കു കണ്ടിരിക്കാം.
മാനവികതയും സമത്വചിന്തയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ അധഃസ്ഥിതരുടെ വ്യാകുലതകളെ അഭിസംബോധന ചെയ്യുന്നതില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്ത ദൃശ്യങ്ങളാണിതൊക്കെയും. പിന്നാക്കക്കാരനെ കൂടുതല്‍ പിന്നോട്ട് വലിക്കുന്ന മുന്നാക്ക സംവരണം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ സാര്‍ഥകമായി അതില്‍ ഇടപെടുന്നതില്‍നിന്നു പോലും വിട്ടുനിന്ന ഇടതുമുന്നണിയില്‍ മുന്നാക്കക്കാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമല്ലാതെ സാധാരണക്കാര്‍ക്ക് എന്തു പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."