അരുണിമയുടെ അതിജീവനം നമുക്കൊരു പാഠമാണ്
സാഹിദ് പയ്യന്നൂര്‍#
9567278363
നിശ്ചയദാര്‍ഢ്യത്തിന്റെയും നിരന്തരപ്രയത്‌നത്തിന്റെയും ജീവിക്കുന്ന ഉദാഹരണമായ അരുണിമ സിന്‍ഹ 2019 ജനുവരി നാലിന് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കീഴടക്കിയ വികലാംഗയായ ആദ്യപെണ്‍കുട്ടിയെന്ന നിലയിലാണു സിന്‍ഹ ഇപ്പോള്‍ ആഗോളമാധ്യമങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.
ഈ നേട്ടത്തിനു മുമ്പ് അരുണിമ സിന്‍ഹ തരണം ചെയ്ത വൈതരണികളും പിന്നിട്ട വഴികളും തീര്‍ച്ചയായും നാമെല്ലാം ഉള്‍ക്കൊള്ളേണ്ടതാണ്. നമ്മുടെ ജീവിതത്തിനു പുത്തനുണര്‍വ് പകരാന്‍ അതു സഹായിക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ ദേശീയ വോളിബോള്‍ താരമായ അരുണിമ സിന്‍ഹയുടെ വാക്കിലൂടെ തന്നെ അവരുടെ സംഭവബഹുലമായ ജീവിതത്തിലേയ്ക്കു പോകാം:
''2011 ഏപ്രില്‍ 12ലെ ആ രാത്രി ഓര്‍ക്കാന്‍ പോലും ഭയമാണ്. ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി ലഖ്‌നൗവില്‍ നിന്നു ഡല്‍ഹിയിലേയ്ക്കു ട്രെയിനില്‍ യാത്ര പുറപ്പെട്ടതായിരുന്നു. ബെര്‍ലിക്കടുത്തെത്തിയപ്പോള്‍ ഓര്‍ക്കാപ്പുറത്ത് കുറച്ചാളുകള്‍ ട്രെയിനിലേയ്ക്കു ചാടിക്കയറി യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. എന്റെ സ്വര്‍ണമാല പിടിച്ചുപറിച്ചു, മാല വിട്ടുകൊടുക്കാതിരിക്കാന്‍ ഞാനും ആവതു ശ്രമിച്ചു. ഉന്തും തള്ളുമായി. ഇതിനിടയില്‍ അവരെന്നെ ട്രെയിനില്‍ നിന്നു പുറത്തേയ്ക്കു തള്ളിയിട്ടു.
അടുത്ത പാളത്തിനടുത്തേയ്ക്കാണു വീണത്. ആ സമയത്ത് ആ ട്രാക്കിലൂടെ ട്രെയിന്‍ കുതിച്ചുവരുന്നുണ്ടായിരുന്നു. എഞ്ചിന്റെ ഹെഡ്‌ലൈറ്റ് കാണാമായിരുന്നു. പക്ഷേ, നിരങ്ങി നീങ്ങാന്‍ പോലും സാധിച്ചില്ല. ഞാനാകെ ഭയന്നു. ട്രെയിന്‍ തൊട്ടടുത്തുകൂടി പാഞ്ഞുപോയി.
വേദനയൊന്നുമില്ല, എങ്കിലും ശരീരത്തില്‍ എന്തോ നഷ്ടപ്പെട്ടപോലെ. ശരീരത്തിലെങ്ങും തൊട്ടുനോക്കി, കാലിനടുത്തേയ്ക്കു കൈവിരല്‍ നീണ്ടപ്പോള്‍ ഞെട്ടലോടെ ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. എന്റെ കാലിലൂടെയാണ് ട്രെയിന്‍ ചീറിപ്പാഞ്ഞത്.
വല്ലാത്ത മാനസികാവസ്ഥയില്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു കരഞ്ഞു. രാത്രി ഒന്നരയായിക്കാണും. എന്റെ കരച്ചില്‍ കേട്ട് ആരും ഓടിയെത്തിയില്ല. ബോധം പോയും വന്നും കൊണ്ടിരുന്നു. മുറിവില്‍ എലികള്‍ വന്നു കടിക്കുന്നുണ്ടായിരുന്നു. ഏതാണ്ട്, ഏഴു മണിക്കൂര്‍ നേരം മരവിച്ച അവസ്ഥയില്‍ ഒരേ കിടപ്പ്.
നേരം പുലര്‍ന്നപ്പോള്‍ നാട്ടുകാരിലാരോ എന്നെ കണ്ടു. വിവരമറിഞ്ഞ് ആളുകള്‍ കൂടി. അവരെന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. കാല് മുറിച്ചുമാറ്റണമെന്നു ഡോക്ടര്‍ പറഞ്ഞു. മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.''
അരുണിമയുടെ കാലു മുറിച്ചു മാറ്റിയതിലായിരുന്നില്ല അതു ചെയ്തതിലായിരുന്നു ക്രൂരത. അനസ്തീഷ്യ നല്‍കാതെയാണ് ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചു മാറ്റിയത്. ഈ ക്രൂരത വാര്‍ത്തയായി. അത് അരുണിമയ്ക്കു സഹായമായി. കുറച്ചുകൂടി സൗകര്യമുള്ള പരിചരണവും ചികിത്സയും ലഭിച്ചു. ജനറല്‍ വാര്‍ഡില്‍ നിന്നു സ്‌പെഷ്യല്‍ വാര്‍ഡിലേയ്ക്കു മാറ്റി. പിന്നെ ഡല്‍ഹിയിലെ എയിംസിലേയ്ക്കു കൊണ്ടുപോയി.
ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അരുണിമയ്ക്ക് ഏറ്റവും സങ്കടകരവും ദൗര്‍ഭാഗ്യകരവുമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നത്. ഒരു വാര്‍ത്ത അരുണിമ ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്‌തെന്നും ടിക്കറ്റ് ചെക്കര്‍ വന്നപ്പോള്‍ ട്രെയിനില്‍ നിന്നു പുറത്തേയ്ക്ക് എടുത്തുചാടിയെന്നുമാണ്. വീട്ടുകാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അരുണിമ സിന്‍ഹ ആത്മഹത്യക്കു ശ്രമിച്ചെന്നായിരുന്നു മറ്റൊരു വാര്‍ത്ത.
അത്തരം വാര്‍ത്തകള്‍ അരുണിമയെ വല്ലാതെ വേദനിപ്പിച്ചെങ്കിലും താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതല്ലെന്നും ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ആത്മധൈര്യം തനിക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ പ്രതിജ്ഞയെടുത്തു. വാക്കുകൊണ്ടായിരിക്കരുത്, പ്രവൃത്തിയിലൂടെ വേണം ആ ബോധ്യപ്പെടുത്തലെന്നും അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
അതിനൊരു സന്ദര്‍ഭത്തിനുള്ള ആശയം ആശുപത്രിക്കിടക്കയില്‍ വച്ചുതന്നെ അരുണിമയുടെ മുന്നിലെത്തി. എവറസ്റ്റ് കൊടുമുടിയെക്കുറിച്ചുള്ള വാര്‍ത്തയുടെ രൂപത്തിലായിരുന്നു അത്. അസാധാരണമായ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കു മുന്നില്‍ മാത്രം തല കുനിക്കുന്ന എവറസ്റ്റ് കൊടുമുടി അരുണിമയെ വല്ലാതെ ആകര്‍ഷിച്ചു.
''മാതാപിതാക്കളുടെ മരണശേഷം ജ്യേഷ്ഠസഹോദരന്റെ സംരക്ഷണയിലാണു ഞാന്‍. എവറസ്റ്റ് കീഴടക്കാനുള്ള ആഗ്രഹം അദ്ദേഹത്തോടു പറഞ്ഞു. ഒരുനിമിഷം നിശബ്ദനായിരുന്ന ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'നിനക്കു വിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനായി ശ്രമിക്കണമെന്ന് പിന്നീട് പറഞ്ഞു.'
റെക്കോഡ് ബുക്കുകള്‍ വിശദമായ പരിശോധിച്ച് ജ്യേഷ്ഠന്‍ അരുണിമയോടു പറഞ്ഞു, 'കൃത്രിമക്കാലുമായി ഇതുവരെ ആരും എവറസ്റ്റ് കീഴടക്കിയിട്ടില്ല.' അത് അരുണിമയ്ക്ക് വലിയ ആവേശവും ഉത്തേജനവുമായാണു മാറിയത്. എവറസ്റ്റ് കീഴടക്കാനായാല്‍ താന്‍ സൃഷ്ടിക്കുന്നത് ഒരു ലോകറെക്കോഡായിരിക്കും. അതോടെ കൂടുതല്‍ ഉത്സാഹമായി.
സ്‌പോണ്‍സര്‍ഷിപ്പിനായുള്ള നെട്ടോട്ടമായിരുന്നു ഏറെ മടുപ്പുളവാക്കിയത്. പിന്തുണയ്ക്കാനോ സഹായിക്കാനോ ആരും തയ്യാറായില്ല. കാലുള്ളവര്‍ക്കു തന്നെ ദുഷ്‌കരമായ എവറസ്റ്റ് കയറ്റം കാലില്ലാത്തവള്‍ ആഗ്രഹിച്ചതു തന്നെ തെറ്റ് എന്ന മട്ടിലായിരുന്നു പ്രതികരണം. അരുണിമയ്ക്കു ഭ്രാന്താണെന്നുവരെ പലരും വിധിയെഴുതി.
അരുണിമ പക്ഷേ, തളര്‍ന്നില്ല. എവറസ്റ്റ് കയറാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ധാരളം തയ്യാറെടുപ്പു വേണമായിരുന്നു. അതൊക്കെ വിശദമായി അറിയാന്‍ അരുണിമ ആദ്യം പോയത് നേരത്തേ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ബചേന്ദ്രിപാലിനെ കാണാനായിരുന്നു. അവരില്‍നിന്നു വലിയ പ്രോത്സാഹനവും പിന്തുണയുമാണു ലഭിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ ബചേന്ദ്രിപാല്‍ അരുണിമയ്ക്കു സ്‌പോണ്‍സര്‍ഷിപ്പും തരപ്പെടുത്തിക്കൊടുത്തു.
ബചേന്ദ്രി പാലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അരുണിമ നേരേ പരിശീലന ക്യാംപിലേയ്ക്കായിരുന്നു. ''2012 ജനുവരിയിലാണു ഞാന്‍ പര്‍വതാരോഹണത്തിനായുള്ള ശ്രമം തുടങ്ങുന്നത്. കൊടുമുടിയിലെ കാലാവസ്ഥയുമായി എന്റെ ശരീരത്തെ പൊരുത്തപ്പെടുത്തുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് നീണ്ട കാല്‍നട യാത്ര ആരംഭിച്ചു. ഒരുനാള്‍ എവറസ്റ്റ് കീഴടക്കണമെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്.''
പരിശീലനത്തിനിടെ കൃത്രിമക്കാല്‍ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ചിലപ്പോള്‍ സ്റ്റിച്ച് പൊട്ടി രക്തം ഒഴുകി. ഈയവസ്ഥ കണ്ടു പരിശീലകന്‍ പലപ്പോഴും അരുണിമയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അരുണിമ തോറ്റു പിന്മാറാന്‍ തയ്യാറായിരുന്നില്ല. എല്ലാ വൈതരണികളും പ്രയാസങ്ങളും തരണം ചെയ്തു കഠിനമായ പരിശീലനം തുടര്‍ന്നു. പരിശീലനം മുന്നേറുന്നതിനനുസരിച്ച് ആത്മവിശ്വാസം വര്‍ധിച്ചു. ഇതിനിടയില്‍ അരുണിമ മാനസികമായി പര്‍വതാരോഹണത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു.
''ഇന്ത്യയില്‍ നിന്ന് ആറു പേരാണുണ്ടായിരുന്നത്. പാറക്കെട്ടുള്ള ഭാഗങ്ങളില്‍ ഞാന്‍ സുഖപ്രദമായി മുന്നേറി. എന്നാല്‍, മഞ്ഞുമൂടിയ ചെങ്കുത്തായ കുന്നുകള്‍ കയറാന്‍ ഏറെ പണിപ്പെട്ടു. ഒരുപാടു നടന്നപ്പോള്‍ എന്റെ തുട ചീര്‍ത്തു വന്നു. ഞാന്‍ ഏറെ പണിപ്പെട്ടു കൃതിമക്കാല്‍ നേരെയാക്കിക്കൊണ്ടിരുന്നു. കൂടെയുള്ളവര്‍ ഒരുപാടു മുന്നിലെത്തി. എന്റെ ദുരവസ്ഥ കണ്ടു പരിശീലകന്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഞാന്‍ വഴങ്ങിയില്ല. എന്റെ മനസ്സില്‍ എവറസ്റ്റിന്റെ മുകളില്‍ ത്രിവര്‍ണ പതാക പിടിച്ച് നില്‍ക്കുന്ന ദൃശ്യം മാത്രം.''
എവറസ്റ്റിനു മുകളിലെത്തുന്നതിന് അല്‍പ്പം മുന്‍പായി കണ്ട പല കാഴ്ചകളും അരുണിമയെ ഭയപ്പെടുത്തി. വഴിയോരത്തു നിരവധി ശവശരീരങ്ങള്‍. ചിലത് അസ്ഥികൂടമായി തീര്‍ന്നിരുന്നു. മറ്റു ചിലതു മഞ്ഞു മൂടിയ നിലയില്‍. ഭയം തോന്നി. എങ്കിലും അരുണിമ പിന്തിരിഞ്ഞില്ല. അവസാന നിമിഷം തളര്‍ന്നാല്‍, അതുവരെയുള്ള അധ്വാനം വെറുതെയാവുമെന്നു മനസ്സു പറഞ്ഞു. ആ ചിന്ത ധൈര്യം പകര്‍ന്നു.
'ചീര്‍ത്തു തടിച്ച തുടകള്‍ നീലനിറമായിരുന്നു. എന്നാല്‍ എന്റെ മനസ്സു നിറയെ ത്രിവര്‍ണവും. ആ ഊര്‍ജം എന്നെ മുന്നോട്ടുതന്നെ നയിച്ചു. അതേ, ഇനി ഒരു ചുവടുകൂടി വച്ചാല്‍ എവറസ്റ്റ് എന്റെ കാല്‍ക്കീഴില്‍.'
അതേ, അരുണിമ സിന്‍ഹ എവറസ്റ്റ് കീഴടക്കിയിരിക്കുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വികലാംഗയായ പെണ്‍കുട്ടി. ലോകത്തിലെ രണ്ടാമത്തെയും. കൃത്രിമക്കാലുകൊണ്ട് അവള്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു!
എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു ശേഷം വെറുതെയിരിക്കാന്‍ അരുണിമ തയ്യാറല്ലായിരുന്നു. ഏഴു വന്‍കരകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഏഴു കൊടുമുടികളും കീഴടക്കണം. എവറസ്റ്റിനുശേഷം യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും അന്റാര്‍ട്ടിക്കയിലെയുമടക്കം അഞ്ചു കൊടുമുടികള്‍ അവള്‍ താണ്ടിക്കഴിഞ്ഞു.
ഇനി രണ്ടു കൊടുമുടികള്‍ കൂടി താണ്ടി കഴിഞ്ഞാല്‍ ഏഴു കൊടുമുടികളും കീഴടക്കുന്ന ലോകത്തിലെ ആദ്യ വികലാംഗയായ പെണ്‍കുട്ടിയാവും അരുണിമ സിന്‍ഹ.
അവരുടെ നിശ്ചയ ദാര്‍ഢ്യവും മനക്കരുത്തും സ്ഥിരോത്സാഹവും ആര്‍ക്കാണ് മാതൃകയാകാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."