HOME
DETAILS

കൊല്‍ക്കത്ത റാലിയുംസി.പി.എമ്മിന്റെ നിലപാടും

  
backup
January 20 2019 | 19:01 PM

kolkatha-rally-rashid-manikoth-21-01-2019

റാശിദ് മാണിക്കോത്ത്#
9747551313

 

നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാറാലി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമ ബംഗാളില്‍ നിന്ന് ചുവപ്പിന്റെ അമരക്കാരില്ലാതെ വീശിത്തുടങ്ങിയ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ കൊടുങ്കാറ്റില്‍ മോദിയുടെ സിംഹാസനം പോലും കിടുകിടാ വിറച്ചിരിക്കുന്നു. ബി.ജെ.പി ഭരണത്തിനെതിരായ വികാരത്താല്‍ തിളച്ചുമറിഞ്ഞ ജനബാഹുല്യം വിളിച്ചോതുന്നത് രാജ്യത്തെ രക്ഷിക്കൂ എന്നാണ്. അഞ്ചു വര്‍ഷമാകുന്ന മോദി ഭരണത്തിന്‍ കീഴില്‍ സര്‍വമാന പീഡനങ്ങളും ഏറ്റുവാങ്ങിയ ഭാരതീയര്‍ മാറ്റത്തിന്റെ പുലര്‍ കാലത്തെയാണ് സ്വപ്നം കാണുന്നത്.
ജനദ്രോഹപരമല്ലാത്ത ഏതു നടപടിയാണ് മോദിയും കൂട്ടരും കൈക്കൊണ്ടിട്ടുള്ളതെന്ന ഏറെ പ്രാധാന്യമേറിയ ചോദ്യം മഹാറാലിയില്‍ ഉടനീളം ഉയര്‍ന്നു. എല്ലാ അര്‍ഥത്തിലും പാര്‍ശ്വവല്‍കരിക്കപ്പെട്ട, അരക്ഷിതാവസ്ഥയിലായിത്തീര്‍ന്ന ഭാരതത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും മുഷ്ടി ഉയര്‍ത്തിക്കൊണ്ടുള്ള ഈ ചോദ്യം മോദിയുടെ സിംഹാസനത്തിനെതിരേ പാഞ്ഞുപോയ ചാട്ടുളിയാണ്.


മഹത്തായ ഇന്ത്യാ രാജ്യത്തെ ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ മോദിയും കൂട്ടരും തങ്ങളുടെ അപ്രമാദിത്വത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഭരണഘടനയെ പോലും തിരുത്തിയെഴുതി രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റാനും മടിക്കില്ലെന്ന ഭീതിയില്‍ നിന്ന് മുളച്ചു പൊങ്ങിയ ബി.ജെ.പി വിരുദ്ധ വികാരം സഹനത്തിന്റെ നെല്ലിപ്പലകയും കടന്ന് അവശരായിത്തീര്‍ന്ന പാവപ്പെട്ട ജനതയുടെ അതിജീവനാവകാശത്തിന്റെ പ്രതിഫലനം കൂടിയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങളോട് എന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യാരാജ്യം ഇക്കാലമത്രയും കൊണ്ടു നേടിയ ഉന്നമന, മുന്നേറ്റങ്ങളെ അപ്പാടെ തച്ചുടച്ച് മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനും നാനാജാതി മതസ്ഥരെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ഭീതി പരത്താനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനം തിരിച്ചറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു.
മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അവര്‍ണര്‍ക്കെതിരേയും കര്‍ഷകര്‍ക്കെതിരേയുമെല്ലാം കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിനെതിരേ ജനാധിപത്യ വിശ്വാസികളെല്ലാം കൈകോര്‍ത്തപ്പോള്‍ സി.പി.എം പിണങ്ങി നില്‍ക്കുന്ന അയല്‍ വീട്ടുകാരന്റെ സമീപനം കൈക്കൊണ്ടത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.


പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയാണ് മുഖ്യശത്രു എന്നതുകൊണ്ട് രാജ്യത്തിനു തന്നെ ഭീഷണിയായിത്തീര്‍ന്ന പൊതുശത്രുവിനു നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ശ്രമം നടത്താന്‍ സി.പി.എം തയാറല്ല എന്നത് ആ പാര്‍ട്ടിക്ക് ഫാസിസ്റ്റു ശക്തികളോടുള്ള മൃദു സമീപനത്തിന്റെ വ്യക്തമായ തെളിവാണ്. ഫാസിസ്റ്റുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തില്‍ നിന്ന് മമതയോടുള്ള വിരോധം കാരണം പുറംതിരിഞ്ഞു നില്‍ക്കുന്ന സി.പി.എം നിലപാട് 'ചരിത്രപരമായ വിഡ്ഢിത്തര'മായിരുന്നുവെന്ന് പില്‍ക്കാലത്ത് പൊളിറ്റ് ബ്യൂറോ ചേര്‍ന്ന് രാജ്യത്തോടു വിളിച്ചു പറയേണ്ട ഗതികേട് ആ പാര്‍ട്ടിക്കുണ്ടാവുമെന്ന് ഉറപ്പാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി അധികാരത്തില്‍ വരുന്നതു തടയാന്‍ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുമെന്നും അതിന് മുന്‍പ്് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കൂ എന്നുമാണ് സി.പി.എം വ്യക്തമാക്കിയിട്ടുള്ളത്. ഇതു പക്ഷെ സി.പി.എമ്മിന്റെ മറ്റൊരു നയവൈകല്യമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.


നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം എന്നത് കേന്ദ്രത്തിലെ ഫാസിസ്റ്റ് പ്രബലത്വം നിഷ്‌കാസനം ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയ മുന്നേറ്റ കൂട്ടായ്മയാണ്. കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നയങ്ങളുടെ സമരസപ്പെടലല്ല ഈയൊരു മുന്നേറ്റത്തിന്റെ കാതല്‍. മറിച്ച് രാജ്യത്തെ അസ്ഥിരതയിലേക്കു നയിക്കുന്ന, ജനാധിപത്യ വ്യവസ്ഥിതികളെ മാനഭംഗപ്പെടുത്തുന്ന, പാവപ്പെട്ട ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട, നാനാത്വത്തില്‍ ഏകത്വമെന്ന വിശുദ്ധ സംഹിതയെ കശക്കിയെറിഞ്ഞ രാജ്യവിരുദ്ധരെ എന്നെന്നേക്കുമായി തുടച്ചുനീക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ആത്യന്തികമെന്നത് കടുത്ത മമതാ വിരോധം കാരണം സി.പി.എം വിസ്മരിക്കുന്നു.
എന്തു വിലകൊടുത്തും കേന്ദ്ര ഭരണത്തില്‍ നിന്ന് ബി.ജെ.പിയെ പുറന്തള്ളുക എന്ന ഡല്‍ഹി മുഖ്യമന്ത്രി കെജ്്‌രിവാളിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. മമതയും കോണ്‍ഗ്രസുമടക്കമുള്ളവരുടെ രാഷ്ട്രീയ രീതിയോട് പൊരുത്തപ്പെടാനാവില്ലെങ്കിലും ഇപ്പോഴത്തെ പ്രധാന വെല്ലുവിളി നേരിടുന്നതിനായി സമാന ചിന്താഗതിക്കാരുമായി ഒരുമിച്ചു നീങ്ങാന്‍ പാര്‍ട്ടി തീരുമാനമെടുത്തത് ഐകകണ്‌ഠേന ആയിരുന്നുവെന്നാണ് കെജ്്‌രിവാളിന്റെ വെളിപ്പെടുത്തല്‍.
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയെയും കൂട്ടരെയും പുകഴ്ത്തുന്നത് ദേശസ്‌നേഹവും വിമര്‍ശിക്കുന്നത് ദേശവിരുദ്ധവുമാണെന്ന ദയനീയ സ്ഥിതിയാണ്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മോദി. രാജ്യം മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്.


ഇതിന്റെ ആഴം ഭീതിതമാകുന്നതിന് മുന്‍പ് മോദിയെ പുറത്താക്കുകയാണ് വേണ്ടതെന്ന, ഒരു കാലത്ത് ബി.ജെ.പിയുടെ വക്താവായിരുന്ന യശ്വന്ത് സിന്‍ഹയുടെ വാക്കുകള്‍ക്ക് അരികെയെത്താന്‍ പോലും സി.പി.എം നേതൃ തീരുമാനങ്ങള്‍ക്കാവുന്നില്ലായെന്നതാണ് ഖേദകരം.
ഫാസിസ്റ്റുകളെയും സംഘ്പരിവാറിനെയും നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് നാഴികയ്ക്കു നാല്‍പതു വട്ടം വിളിച്ചുകൂവുന്നവര്‍ ബി.ജെ.പിയോട്, വിശിഷ്യാ സംഘ്പരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്നത് കേന്ദ്രത്തില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങളോടും പാര്‍ട്ടി അനുഭാവികളോടും കാട്ടുന്ന കടുത്ത വഞ്ചനയാണ്. കൊല്‍ക്കത്തയിലെ റാലിയില്‍ സി.പി.എം പങ്കാളിത്തം വഹിക്കാതിരുന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ മമതാ വിരുദ്ധത ഒന്നു മാത്രമാണെന്ന വസ്തുത ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന, ഫാസിസ്റ്റ് ശക്തികളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ഇടതുപക്ഷ അനുഭാവികളില്‍ അമര്‍ഷം തീര്‍ക്കുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago