മെക്‌സിക്കോ ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറി; മരണം 73 ആയി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 73 ആയി. മധ്യ കിഴക്കന്‍ മെക്‌സിക്കോ സംസ്ഥാനമായ ഹിഡാല്‍ഗോയിലെ പ്രധാന നഗരമായ ലഹ്യുലില്‍പനില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടാണു സംഭവം.74 പേര്‍ക്ക് പരുക്കേറ്റെന്ന് ഹിഡാല്‍ഗോ ഗവര്‍ണര്‍ ഉമര്‍ ഫയാദ് ട്വീറ്റ് ചെയ്തു.
ഇന്ധന മോഷണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനായി മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഇന്ധന പൈപ്പ് ലൈനുകള്‍ തകര്‍ക്കുന്നവര്‍ക്കെതിരേയുള്ള നടപടിക്കാണ് അദ്ദേഹം നിര്‍ദേശിച്ചത്.
മോഷണശ്രമത്തിന്റെ ഭാഗമായി അജ്ഞാതസംഘം പൈപ്പ്‌ലൈന്‍ തകര്‍ത്തതാണ് അപകട കാരണമെന്നാണു നിഗമനം.
പൈപ്പ് പൊട്ടി ഇന്ധനം ചോരുന്ന വിവരമറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ ഇന്ധനം ശേഖരിക്കാനെത്തിയത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ബക്കറ്റുകള്‍, പ്ലാസ്റ്റിക് ജഗ്ഗുകള്‍ എന്നിവയുമായാണ് നാട്ടുകാര്‍ എത്തിയത്. ഇതിനിടയിലാണു സ്‌ഫോടനവും വന്‍ തീപ്പിടിത്തവുമുണ്ടായത്.
അപകട പ്രദേശത്തുനിന്ന് മാറിനില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിക്കുകയായിരുന്നെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമവിരുദ്ധമായ ഇന്ധനമൂറ്റാണ് അപകടത്തിനിടയാക്കിയതെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനിയായ പ്രിമെക്‌സും വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെയായി ഇന്ധനക്ഷാമം രൂക്ഷമാണ്. ഇതുകൊണ്ടുതന്നെ പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായ വിവരമറിഞ്ഞ് വലിയ പാത്രങ്ങളുമായാണ് ആളുകള്‍ ഇന്ധനം ശേഖരിക്കാന്‍ സ്ഥലത്തെത്തിയിരുന്നത്.
പ്രാദേശികമായി ഹ്യുച്ചാകോലിയോ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ധന മോഷണം ചില മെക്‌സിക്കന്‍ സമൂഹങ്ങളില്‍ വ്യാപകമാണ്.
ഇന്ധനമോഷണം കാരണം കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തിനു മൂന്ന് ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് അടുത്തിടെ മെക്‌സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കിയിരുന്നു.
2013ല്‍ രാജ്യതലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലുണ്ടായ ഇന്ധന സ്‌ഫോടനത്തില്‍ 37 പേരും 2012ല്‍ വാതകശേഖരണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 26 പേരും മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."