കോംഗോ: ഷിസിക്കേടിയുടെ വിജയം അംഗീകരിച്ച് കോടതി
കിന്‍ഷാസ: കോംഗോ പ്രസിഡന്‍ായി ഫെലിക്‌സ് ഷിസിക്കേടിയെ ഭരണഘടനാ കോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണങ്ങള്‍ തള്ളിയാണ് കോടതി ഷിസിക്കേടിയുടെ വിജയം അംഗീകരിച്ചത്. രാജ്യത്തിന്റെ നിയമ പ്രകാരമുള്ള പ്രസിഡന്റ് താനാണെന്ന പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാര്‍ട്ടിന്‍ ഫെയിലുവിന്റെ പ്രഖ്യാപനവും കോടതി തള്ളി. എന്നാല്‍ കോടതി പ്രഖ്യാപനത്തിനെതിരേ തെരുവിലിറങ്ങാന്‍ ഫെയ്‌ലു ജനങ്ങളോട് ആവശ്യപ്പെട്ടു. ഷിസിക്കേടിയുടെ അനുയായികള്‍ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കോംഗോ ജനതയെ ഭരണഘടനാ കോടതി വെല്ലുവിളിച്ചിരിക്കുകയാണെന്ന് ഫെയ്‌ലു പറഞ്ഞു. പ്രതിപക്ഷം ഒന്നിക്കണം. രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനായി സമാധാനത്തോടെയുള്ള പ്രതിഷേധങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റായി തന്നെ അംഗീകരിച്ചത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് ഷിസിക്കേടി കോടതി വിധിക്കു ശേഷം പ്രതികരിച്ചു. ഒരാള്‍ മറ്റൊരാള്‍ക്കെതിരേയുള്ള പോരാട്ടമല്ല ഇത്. കോംഗോയിലെ മുഴുവന്‍ പേരുടെയും നന്മക്കായാണ് പ്രവര്‍ത്തിക്കുക. വിദ്വേഷം ഒഴിവാക്കി ഐക്യ രാജ്യത്തിലൂടെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും രാജ്യത്തെ കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നിലവിലെ പ്രസിഡന്റ് കാബിലയുടെ രാജിയാവശ്യപ്പെട്ട് ഷിസിക്കേടിയുടെ വക്താവ് വിധ്യ ഷിമിങ്ക രംഗത്തെത്തി. പുതിയ പ്രസിഡന്റിന് രാജ്യത്തെ മുഴുവനായും പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ കോംഗോ ജനങ്ങള്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 30ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 38.5 ശതമാനം നേടി ഷിസിക്കേടി വിജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. എതിരാളിയായ ഫെയ്‌ലുവിന് 34.7 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഭരണകക്ഷി സ്ഥാനാര്‍ഥിയായ ഇമ്മാനുവല്‍ ഷദ്രിക്ക് 23.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കാബില 18 വര്‍ഷത്തോളമായി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത്.
മൂന്നാം തവണയും മത്സരിക്കുന്നതില്‍നിന്ന് ഭരണഘടനാ വിലക്കുള്ളതിനാലാണ് അദ്ദേഹം ഇത്തവണ മത്സരിക്കാതിരുന്നത്. 2016ല്‍ കാബിലയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നടപടികള്‍ വൈകിയ കാരണത്താല്‍ ഇടക്കാല പ്രസിഡന്റായി തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."