ഒഡിഷ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; രണ്ട് നേതാക്കളെ പുറത്താക്കി
ഭുവനേശ്വര്‍: ഈ മാസം 25ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒഡിഷ സന്ദര്‍ശിക്കാനിരിക്കെ പാര്‍ട്ടിയില്‍ കലാപം രൂക്ഷമാകുന്നു.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നേരത്തെ വര്‍ക്കിങ് പ്രസിഡന്റ് നാബാ കിഷോര്‍ ദാസും ട്രൈബല്‍ എം.എല്‍.എയായ ജോഗേഷ് സിങും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നിരുന്നു.
ഇവര്‍ക്കുപുറമെ ആറ് സിറ്റിങ് എം.എല്‍.എമാരും രാജിവച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഇന്നലെ രണ്ട് പ്രമുഖ നേതാക്കളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.
മുന്‍കേന്ദ്ര മന്ത്രി ശ്രീകാന്ത് ജന, കോരാപുട്ടില്നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ ദലിത് നേതാവും എം.എല്‍.എയുമായ കൃഷ്ണ ചന്ദ്ര സഗാരിയ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.
കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അച്ചടക്ക സമിതി ഇവരെ പുറത്താക്കിയതെന്ന് മുതിര്‍ന്ന നേതാവ് ആനന്ദ് സേത്തി പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. 16 സീറ്റുകളില്‍ മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസിന് വിജയിക്കാനായിരുന്നത്. തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേതൃത്വം നേരിടുന്നത്. ഇന്നലെ പുറത്താക്കപ്പെട്ട ശ്രീകാന്ത് ജനയും കൃഷ്ണ ചന്ദ്ര സഗാരിയയും രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിക്കെതിരേ ഉന്നയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ അവഗണിച്ച് രാഹുല്‍ ഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്നായിക്കുമായി മഹാസഖ്യം രൂപീകരിക്കുന്നതിനെ ചോദ്യം ചെയ്താണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ ഇരുവരും കലാപം ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."