പരിയാരത്ത് മോഷണ പരമ്പര
തളിപ്പറമ്പ്: ചെറിയൊരു ഇടവേളക്കു ശേഷം പരിയാരത്ത് വീണ്ടും മോഷണ പരമ്പര. മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം നരിക്കോടന്‍ ഉമ്മറിന്റെ വീട് കുത്തിത്തുറന്ന് 1,10,000 രൂപയും അഞ്ച് പവനും കവര്‍ന്നു. ബുധനാഴ്ച ഉമ്മറും ഭാര്യയും ചെറുതാഴത്തുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ഇന്നലെ രാവിലെ എട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍ഭാഗത്തുള്ള വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ബെഡ്റൂമിന്റെ അലമാര തുറന്നാണ് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. പരിയാരം എസ്.ഐ എം രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് പരിശോധന നടത്തി.
കോരന്പീടിയിലെ പി.വി സജീവന്റെ ഉടമസ്ഥതയിലുളള സൗഹൃദ റൈസ് ആന്‍ഡ് ഫ്ളോര്‍ മില്ലിന്റെ നിരപ്പലക പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 5000 രൂപ കവര്‍ന്നു. മേശവലിപ്പിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. കെ.കെ.എന്‍ പരിയാരം സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഫിസ് കുത്തിതുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. പരിയാരം സെന്‍ട്രലിലെ ഓണസ് ഇലക്ട്രിക്സിലും മോഷണ ശ്രമം നടന്നു. പൂട്ട് തകര്‍ത്തെങ്കിലും മോഷ്ടാവ് അകത്ത് കടന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പരിയാരം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."