നാവിക അക്കാദമി മാലിന്യപ്രശ്‌നം; വേറിട്ട സമരവുമായി പപ്പന്‍ കുഞ്ഞിമംഗലത്തിന്റെ 'പ്രതിരോധ ഷോ'
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി ഗേറ്റിനു മുന്നില്‍ സമരത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി പപ്പന്‍ കുഞ്ഞിമംഗലത്തിന്റെ പ്രതിരോധ ഷോ. നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം കാരണം കുടിവെള്ളം മുട്ടിയ രാമന്തളി ജനത ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ പപ്പന്‍ കുഞ്ഞിമംഗലം അക്കാദമി ഗേറ്റിനു മുന്നില്‍ വേറിട്ട സമരമുഖം തീര്‍ത്തത്.
ചുവപ്പ് പട്ടുടുത്ത് കയ്യില്‍ വാളുമേന്തി മണ്‍കലമേന്തിയ കുട്ടികള്‍ക്കൊപ്പം ചെണ്ടയുടെ താളത്തില്‍ ശുദ്ധജലത്തിനായി വീടുകള്‍ തോറും കയറിയിറങ്ങിയ പപ്പന്‍ കുഞ്ഞിമംഗലത്തെ ആദ്യം അമ്പരപ്പോടെയായിരുന്നു വീട്ടുകാര്‍ വരവേറ്റത്. മലിനമാകുന്ന കിണറുകളുടെ എണ്ണം ദിനംപ്രതിയെന്നോണം പെരുകുമ്പോള്‍ പുതിയ തലമുറ മണ്‍കലവുമായി ശുദ്ധജലത്തിനായി അലയേണ്ടി വരുന്ന കാഴ്ച വിദൂരമല്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു പ്രതിരോധ ഷോ.
സമരപന്തല്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ വ്യത്യസ്തവും ശക്തവുമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
സിനിമാ തിരക്കഥാകൃത്ത് ചന്ദ്രന്‍ രാമന്തളി, നാടന്‍ കലാ അക്കാദമി മുന്‍ സെക്രട്ടറി എം പ്രദീപ് കുമാര്‍ എന്നിവര്‍ അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."