സഊദിയിൽ ആവശ്യമായ പദ്ധതികളുടെ കുറവ്: മൂന്നു മാസത്തിനിടെ അഞ്ഞൂറോളം എൻജിനീയറിങ് ഓഫീസുകൾ പൂട്ടി
ജിദ്ദ: സഊദിയിൽ ആവശ്യമായ പദ്ധതികളുടെ കുറവും എൻജിനീയറിങ് മേഖലയിലെ മാന്ദ്യവും കാരണം കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ഞൂറോളം എൻജിനീയറിങ് ഓഫീസുകൾ പൂട്ടി. ഇത് വഴി നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടു.
എൻജിനീയറിങ് മേഖലയിലെ തൊഴിലിനെ കുറിച്ച് സ്വദേശികളെ ബോധവൽക്കരിക്കുകയും ഓഫീസുകളുടെ മേൽ നിരീക്ഷണം ശക്തമാക്കുകയും വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
20 ശതമാനത്തോളം ഓഫീസുകളാണ് അടുത്തിടെ പൂട്ടിയതെന്ന് ജിദ്ദയിലെ എൻജിനീയറിങ് സന്നദ്ധ സംഘടനാ മേധാവി എൻജിനീയർ തലാൽ സമർഖന്ദി പറഞ്ഞു.
നിർമാണ മേഖലയിലെ പ്രതിസന്ധിയും എൻജിനീയറിങ് പ്രൊഫഷൻ രംഗത്ത് വന്ന പരിഷ്‌കരണങ്ങൾ കാരണമായുണ്ടായ സ്തംഭനാവസ്ഥയും ഇതിന് കാരണമാണ്.
നിലവിൽ എൻജിനീയർമാരുടെ എണ്ണത്തിൽ വൻ കുറവുണ്ട്. ഇത് ചെലവ് കുറയാൻ ഇടയാക്കുകയും ചെയ്തു. ഇക്കാരണത്താൽ ഓഫീസുകൾ പുതിയ രീതികൾ പരീക്ഷിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
സർക്കാർ, സ്വകാര്യ പദ്ധതികളുടെ ദൗർലഭ്യമാണ് എൻജിനീയറിങ് ഓഫീസുകളുടെ നടുവൊടിച്ചതെന്ന് ഫിഡിക് കമ്പനി പ്രതിനിധി എൻജിനീയർ നബീൽ അബ്ബാസ് പറഞ്ഞു. ചില ഓഫീസുകൾ പരസ്പരം ലയിച്ചുകൊണ്ടിരിക്കുകയാണ്. ചില വൻകിട കമ്പനികൾ ഇത്തരം സേവനങ്ങൾക്ക് വിദേശ രാജ്യങ്ങളിലെ ഓഫീസുകളെ ആശ്രയിക്കുന്നതും പ്രാദേശിക ഓഫീസുകൾക്ക് ഭീഷണിയായി -അദ്ദേഹം പറഞ്ഞു. അതേ സമയം നിലവിൽ 2527 എൻജിനീയറിങ് ഓഫീസുകളും 272 കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. 1,63,198 എൻജിനീയർമാരിൽ 25 ശതമാനം സഊദികളാണ്. എൻജിനീയറിംഗ് മേഖല സമ്പൂർണമായി സഊദിവൽക്കരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."