സൗദി കെ.എം.സി.സി കർമ്മ പുരസ്കാരം എം.സി വടകരക്ക് നാളെ സമർപ്പിക്കും
റിയാദ്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അന്തരിച്ച എഞ്ചിനീയർ സി.ഹാഷിമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർമ്മ പുരസ്കാരത്തിന് ചരിത്ര രചയിതാവും മുസ് ലീം ലീഗ് നേതാവുമായ എം.സി.വടകരയെ തെരഞ്ഞെടുത്തു. ഡോ.എം.കെ.മുനീർ എം.എൽ.എ, ചന്ദ്രിക പത്രാധിപർ സി.പി.സെയ്തലവി, കെ.പി.മുഹമ്മദ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനായി എം.സിയെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ ന്യൂനപക്ഷ, ദലിത് മുന്നേറ്റങ്ങളുടെ കാലം മായ്ക്കാനാവാത്ത ചരിത്ര വസ്തുതകളെ അക്ഷര ലോകത്തേക്ക് കൊണ്ട് വരുന്നതിനായി തന്റെ ജീവിതം പകുത്ത് നൽ കിയ സമുന്നത വ്യക്തിത്വമാണ് എം.സി.വടകരയെന്ന് ജൂറി അഭിപ്രായപ്പെട്ടു. നിരവധി ചരിത്ര ഗ്രന്ധങ്ങളുടെ രചയിതാവാണ് അദ്ദേഹം. ഫെബ്രുവരി 18ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് ഹാദിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പാണക്കാറ്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പുരസ്കാരം സമർപ്പിക്കും.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.വി.അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീർ, അബ്ദുറഹ് മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുല്ല, സി.പി.സൈതലവി, എ.പി.ഉണ്ണികൃഷ്ണൻ തുടങ്ങി പ്രമുഖരായ നേതാക്കൾ സംബന്ധിക്കുമെന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് പത്രക്കുറിപ്പിൽ അറിയിച്ചു. സൗദി കെ.എം.സി.സി നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ദതി 2019-ന്റെ നാലാം ഘട്ട ആനുകൂല്യ വിതരണവും ഈ ചടങ്ങിൽ വെച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."