വീടു നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചെന്ന് ധരിപ്പിച്ച് പണം തട്ടിയതായി പരാതി
കൊടുവള്ളി: നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ധന സഹായം അനുവദിച്ചെന്ന് ധരിപ്പിച്ച് അജ്ഞാത യുവതി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയതായി പരാതി.
കൊടുവള്ളി നഗരസഭയിലെ മാനിപുരം മുത്തമ്പലം അക്കരപ്പറമ്പത്ത് പരേതനായ അമ്മദ്കുട്ടിയുടെ ഭാര്യ ആസ്യയാണ് തട്ടിപ്പിനിരയായത്. കൊടുവള്ളി ഗ്രാമപഞ്ചായത്തായിരിക്കെ പത്ത് വര്‍ഷം മുന്‍പ് ആസ്യ ഭവനസഹായത്തിന് നല്‍കിയ അപേക്ഷ പരിഗണിച്ച് നിര്‍മാണത്തിന് തുക പാസായി എന്ന് കാണിച്ച് താമരശ്ശേരി താലൂക്ക് ഓഫിസിലെ ജീവനക്കാരി എന്ന് പറഞ്ഞ് ആസ്യയുടെ വീട്ടിലെത്തിയ 48വയസ് തോന്നിക്കുന്ന സത്രീയാണ് പണം തട്ടിയത്.
ആസ്യ പഞ്ചായത്തില്‍ സഹായത്തിന് അപേക്ഷിച്ച ഏതാനും രേഖകള്‍ സ്ത്രീ കാണിച്ച് വീട്ടുകാരുടെ വിശ്വാസ്യത നേടിയതിന് ശേഷമായിരുന്നു തട്ടിപ്പ്. തമിഴ്‌നാട്ടിലെ ഏതോ പണമിടപാട് സ്ഥാപനത്തിന്റെ രേഖകള്‍ നല്‍കുകയും ചെയ്തു.
വീട് നിര്‍മാണത്തിന് അനുവദിച്ച തുക കഴിഞ്ഞ താമരശ്ശേരി ട്രഷറിയില്‍ നിന്ന് ലഭിക്കുമെന്ന് വീട്ടുകാരെ ധരിപ്പിച്ച സ്ത്രീ പണം ലഭിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞതിനാല്‍ മുന്‍കൂറായി 9,500 രൂപ അടക്കണമെന്ന് അറിയിക്കുകയായിരുന്നു.
ഇത് അടച്ചില്ലെങ്കില്‍ മുഴുവന്‍ ആനുകൂല്യങ്ങളും നഷ്ടമാവുമെന്നും വീട്ടുകാരെ ധരിപ്പിച്ചു. സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച വീട്ടുകാര്‍ പലരില്‍ നിന്നായി പണം സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു.
പിന്നീട് വിവരമൊന്നുമില്ലാഞ്ഞതിനാല്‍ താമരശ്ശേരി താലൂക്ക് ഓഫിസിലും ട്രഷറിയിലും കൊടുവള്ളി നഗരസഭാ ഓഫിസിലും അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ഈങ്ങാപ്പുഴയിലും കൊടുവള്ളി നഗരസഭയിലെ വിവിധ ഭാഗങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടന്നതായി വിവരമുണ്ടണ്ട്. ആസ്യയുടെ പരാതിയില്‍ കൊടുവള്ളി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."